റിയാദ് – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനും ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങളും വിവിധ മേഖലകളില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള വഴികളും, ഫലസ്തീനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ അടക്കം ഇരുവരും വിശകലനം ചെയ്തു.
സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍, നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍, പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, സഹമന്ത്രിയും കാബിനറ്റ് അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അല്‍ഈബാന്‍, അബുദാബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് ത്വഹ്‌നൂന്‍ ബിന്‍ സായിദ് അല്‍നഹ്‌യാന്‍, പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഡെപ്യൂട്ടി ചീഫ് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍നഹ്‌യാന്‍, പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍നഹ്‌യാന്‍, സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ശൈഖ് അലി ബിന്‍ ഹമ്മാദ് അല്‍ശാംസി, നിക്ഷേപ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഹസന്‍ അല്‍സുവൈദി, സ്ട്രാറ്റജി കാര്യങ്ങള്‍ക്കുള്ള പ്രസിഡന്റിന്റെ ഓഫീസ് മേധാവി ഡോ. അഹ്മദ് ബിന്‍ മുബാറക് അല്‍മസ്‌റൂഇ, സൗദിയിലെ യു.എ.ഇ അംബാസഡര്‍ ശൈഖ് നഹ്‌യാന്‍ ബിന്‍ സൈഫ് അല്‍നഹ്‌യാന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഇന്ന് ഉച്ചയോടെയാണ് യു.എ.ഇ പ്രസിഡന്റും സംഘവും റിയാദിലെത്തിയത്. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനെ സൗദി കിരീടാവകാശി ഊഷ്മളമായി സ്വീകരിച്ചു. സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം യു.എ.ഇ പ്രസിഡന്റും സംഘവും വൈകിട്ടോടെ റിയാദില്‍ നിന്ന് മടങ്ങി. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ യു.എ.ഇ പ്രസിഡന്റിനെ റിയാദ് എയര്‍പോര്‍ട്ടില്‍ യാത്രയാക്കി.