റിയാദ് – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ റിയാദിലെ അല്‍യെമാമ കൊട്ടാരത്തില്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി ചർച്ച നടത്തി. ഏറ്റവും പുതിയ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളെ കുറിച്ചും ആഗോള സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കാനുള്ള വഴികളെ കുറിച്ചും കിരീടാവകാശിയും ഗുട്ടെറസും ചര്‍ച്ച ചെയ്തു.
എരിത്രിയന്‍ പ്രസിഡന്റ് ഇസായിസ് അഫ്വെര്‍ക്കിയുമായും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരൻ കൂടിക്കാഴ്ച്ച നടത്തി. ഈ ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍, വിവിധ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യതകള്‍, പരസ്പര സഹകരണം വികസിപ്പിക്കാനുള്ള വഴികള്‍, പൊതുതാല്‍പ്പര്യമുള്ള വിഷയങ്ങള്‍ എന്നിവ വിശകലനം ചെയ്തു. സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അല്‍ഈബാന്‍ എന്നിവര്‍ യോഗങ്ങളില്‍ പങ്കെടുത്തു.
യു.എന്‍ സെക്രട്ടറി ജനറലും സൗദി കിരീടാവകാശിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ യു.എന്‍ അണ്ടര്‍ സെക്രട്ടറിയും അലയന്‍സ് ഓഫ് സിവിലൈസേഷന്‍ ഉന്നത പ്രതിനിധിയുമായ മിഗുവല്‍ മൊറാറ്റിനോസ്, യു.എന്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയും ഗുട്ടെറസിന്റെ എക്‌സിക്യൂട്ടീവ് ഓഫീസ് ഡയറക്ടറുമായ മിഗുവല്‍ ഗ്രാസ, യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി ഡോ. അബ്ദുല്‍ അസീസ് അല്‍വാസില്‍ എന്നിവര്‍ പങ്കെടുത്തു. എരിത്രിയന്‍ പ്രസിഡന്റും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ എരിത്രിയന്‍ വിദേശ മന്ത്രി ഉസ്മാന്‍ സ്വാലിഹ് മുഹമ്മദും റിയാദിലെ എരിത്രിയന്‍ എംബസിയിലെ ചാര്‍ജ് ഡി അഫയേഴ്സും പങ്കെടുത്തു.



