റിയാദ് – സൗദി ഊര്‍ജ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിൽ സിറിയയിലെ എണ്ണ, വാതക പാടങ്ങള്‍ വികസിപ്പിക്കാന്‍ നാലു സൗദി കമ്പനികള്‍ കരാറുകള്‍ ഒപ്പുവെച്ചു. താഖ കമ്പനി, അഡീസ് ഹോള്‍ഡിംഗ്, അറേബ്യന്‍ ഡ്രില്ലിംഗ് കമ്പനി, അറേബ്യന്‍ ജിയോഫിസിക്കല്‍ ആന്റ് സര്‍വേയിംഗ് എന്നീ കമ്പനികളാണ് സിറിയയിലെ എണ്ണ, വാതക പാടങ്ങളിലെ സേവനങ്ങള്‍, സാങ്കേതിക പിന്തുണ, വികസനം, ഉല്‍പ്പാദനം എന്നീ മേഖലകളില്‍ സിറിയന്‍ പെട്രോളിയം കമ്പനിയുമായി കരാറുകള്‍ ഒപ്പുവെച്ചത്.
ഊര്‍ജ മേഖലയില്‍ സൗദി അറേബ്യയും സിറിയയും തമ്മിലുള്ള നിലവിലുള്ള സഹകരണത്തിന്റെ തുടര്‍ച്ചയെന്നോണവും, 2025 ഓഗസ്റ്റ് 28 ന് ഒപ്പുവെച്ച ധാരണാപത്രം നടപ്പാക്കുന്നതിന്റെയും ധാരണാപത്രത്തിന്റെ ഫലമായി എണ്ണ, ഗ്യാസ് പാടങ്ങളിലേക്കും അനുബന്ധ സൗകര്യങ്ങളിലേക്കും നടത്തിയ ഫീല്‍ഡ് സന്ദര്‍ശനങ്ങളുടെയും സംയുക്ത ശില്‍പശാലകളുടെയും ഭാഗമെന്നോണവുമാണ് പുതിയ കരാറുകള്‍.
ഗ്യാസ് പാടങ്ങളുടെ വികസനം, പ്രവര്‍ത്തനം, ഉല്‍പ്പാദനം എന്നിവക്കുള്ള അടിസ്ഥാന തത്വങ്ങള്‍ വിശദീകരിക്കുന്ന കരാറില്‍ അഡീസ് ഹോള്‍ഡിംഗും സിറിയന്‍ പെട്രോളിയം കമ്പനിയും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു. അന്തിമ സാങ്കേതിക സേവന കരാറിന് അടിസ്ഥാനമായ തത്വങ്ങളും വ്യവസ്ഥകളും നിര്‍വചിക്കുക, കരാറില്‍ ഉള്‍പ്പെടുന്ന ഗ്യാസ് ഫീല്‍ഡുകളുടെയും അവയുമായി ബന്ധപ്പെട്ട സൗകര്യങ്ങളുടെയും വികസനവും പ്രവര്‍ത്തനവും, നിലവിലെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുക എന്നിവയാണ് കരാറിന്റെ ലക്ഷ്യം. അബൂറബാഹ്, ഖുംഖും, നോര്‍ത്ത് അല്‍ഫൈദ്, അല്‍തിയാസ്, സംലത്ത് അല്‍മഹര്‍ എന്നീ അഞ്ച് ഗ്യാസ് ഫീല്‍ഡുകള്‍ കരാറില്‍ ഉള്‍പ്പെടുന്നു.
സിറിയയിലെ എണ്ണ, വാതക ഫീല്‍ഡുകളുടെയും കിണറുകളുടെയും നിര്‍മ്മാണത്തിനും പരിപാലനത്തിനും നൂതനവും സംയോജിതവുമായ പരിഹാരങ്ങളും സേവനങ്ങളും നല്‍കുന്നതിന് താഖ വെല്‍ സര്‍വീസസ് കമ്പനിയും സിറിയന്‍ പെട്രോളിയം കമ്പനിയും തമ്മില്‍ മറ്റൊരു കരാറും ഒപ്പുവെച്ചു. ഏറ്റവും പുതിയ ആഗോള സാങ്കേതികവിദ്യകളും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ച് സംയോജിതവും നൂതനവുമായ പരിഹാരങ്ങള്‍ വഴി കിണര്‍ നിര്‍മിച്ച് അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനും എണ്ണ, വാതക ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ഈ കരാര്‍ ലക്ഷ്യമിടുന്നു.
ദ്വിമാന, ത്രിമാന ഭൂകമ്പ സര്‍വേയിംഗ് മേഖലയില്‍ സാങ്കേതിക സേവനങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിട്ട് അറേബ്യന്‍ ജിയോഫിസിക്കല്‍ ആന്റ് സര്‍വേയിംഗ് കമ്പനിയും സിറിയന്‍ പെട്രോളിയം കമ്പനിയും തമ്മില്‍ അടിസ്ഥാന സേവന കരാറും ഒപ്പുവെച്ചു. എണ്ണ, വാതക മേഖലയിലെ പര്യവേക്ഷണ, ഡ്രില്ലിംഗ് ശ്രമങ്ങളെ പിന്തുണക്കാനും പെട്രോളിയം പര്യവേക്ഷണത്തെയും സിറിയന്‍ ഊര്‍ജ വ്യവസായത്തിന്റെ വികസനത്തെയും പിന്തുണക്കാനും ത്വരിതപ്പെടുത്താനുമായി ദീര്‍ഘകാല സഹകരണ ചട്ടക്കൂട് സ്ഥാപിക്കാനും ദ്രുത പ്രതികരണവും വഴക്കവും ഉറപ്പാക്കാനും സാങ്കേതിക പദ്ധതികളുടെ വേഗത്തിലുള്ള ആരംഭം സുഗമമാക്കാനും ഈ കരാറിലൂടെ ലക്ഷ്യമിടുന്നു.
സിറിയയിലെ ഓണ്‍ഷോര്‍ ഓയില്‍, ഗ്യാസ് കിണറുകള്‍ക്കായി ഡ്രില്ലിംഗ്, മെയിന്റനന്‍സ് റിഗുകള്‍ പാട്ടത്തിന് നല്‍കി പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ സിറിയയിലെ എണ്ണ, വാതക കിണറുകള്‍ക്കായി ഡ്രില്ലിംഗ്, അറ്റകുറ്റപ്പണി സേവനങ്ങള്‍ നല്‍കുന്നതിന് അറേബ്യന്‍ ഡ്രില്ലിംഗ് കമ്പനിയും സിറിയന്‍ പെട്രോളിയം കമ്പനിയും തമ്മില്‍ മറ്റൊരു കരാറും ഒപ്പുവെച്ചു. ഈ കരാര്‍ പ്രകാരം എണ്ണ, ഗ്യാസ് കിണറുകള്‍ കുഴിക്കാനും അനുബന്ധ അറ്റകുറ്റപ്പണി സേവനങ്ങള്‍ നല്‍കാനും ആവശ്യമായ റിഗുകളും, അറ്റകുറ്റപ്പണി സേവനങ്ങള്‍, പ്രവര്‍ത്തന പിന്തുണ, തൊഴിലാളികളുടെ പരിശീലനം എന്നിവയും അറേബ്യന്‍ ഡ്രില്ലിംഗ് കമ്പനി നല്‍കും.



