ജിദ്ദ – കഴിഞ്ഞ കൊല്ലം മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തിൽ സൗദി അറേബ്യ 4.8 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.
എണ്ണ മേഖലയില്‍ 8.3 ശതമാനവും എണ്ണ ഇതര മേഖലയില്‍ 4.3 ശതമാനവും സര്‍ക്കാര്‍ മേഖലയില്‍ 1.4 ശതമാനവും സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തി. മിക്ക സാമ്പത്തിക മേഖലകളും വാര്‍ഷികാടിസ്ഥാനത്തില്‍ മികച്ച വളര്‍ച്ചാ നിരക്കുകളാണ് കൈവരിച്ചത്. മൂന്നാം പാദത്തില്‍ എണ്ണ ശുദ്ധീകരണ മേഖലയിലാണ് ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയത്. ഈ മേഖലയില്‍ 11.9 ശതമാനം വളര്‍ച്ചയുണ്ടായി. ഈ വര്‍ഷം രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തില്‍ എണ്ണ സംസ്‌കരണ മേഖലയില്‍ 3.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. രണ്ടാം സ്ഥാനത്തുള്ള ക്രൂഡ് ഓയില്‍, പ്രകൃതിവാതക മേഖലയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 7.3 ശതമാനവും പാദവാര്‍ഷികാടിസ്ഥാനത്തില്‍ 3.2 ശതമാനവും വളര്‍ച്ച കൈവരിച്ചു. വൈദ്യുതി, ജല മേഖലയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 6.4 ശതമാനവും പാദവാര്‍ഷികാടിസ്ഥാനത്തില്‍ ഒരു ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.
ഈ വര്‍ഷം രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തില്‍ സൗദി അറേബ്യ 1.4 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. എണ്ണ മേഖലയില്‍ 3.3 ശതമാനവും എണ്ണ ഇതര മേഖലയില്‍ 0.6 ശതമാനവും സര്‍ക്കാര്‍ മേഖലയില്‍ 1.1 ശതമാനവും തോതില്‍ വളര്‍ച്ച രേഖപ്പെടുത്തിയതായും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.



