ജിദ്ദ – സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഇബ്രാഹിം ബിന്‍ സുലൈമാന്‍ അല്‍ഖാസിമിനെ പദവിയില്‍ നിന്ന് നീക്കം ചെയ്തു.
സൗദി സൂപ്പര്‍ കപ്പുമായി ബന്ധപ്പെട്ട് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിലും എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും നിയമപരവും നടപടിക്രമപരവുമായ വശങ്ങള്‍ പരിഹരിക്കാനുള്ള സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റും സൗദി ഒളിമ്പിക് ആന്റ് പാരാലിമ്പിക് കമ്മിറ്റി പ്രസിഡന്റും സ്‌പോര്‍ട്‌സ് മന്ത്രിയുമായ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ആണ് സെക്രട്ടറി ജനറലിനെ പദവിയില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.
സമീര്‍ അബ്ദുല്ല അല്‍മിഹ്മാദിയെ ഫെഡറേഷന്റെ പുതിയ സെക്രട്ടറി ജനറലായി നിയമിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സ് മേഖലയുമായി ബന്ധപ്പെട്ട കേസുകളുടെ രഹസ്യ സ്വഭാവം ഉറപ്പാക്കാനും ജുഡീഷ്യല്‍ കമ്മിറ്റികളുടെ സ്വാതന്ത്ര്യം വര്‍ധിപ്പിക്കാനും ജുഡീഷ്യല്‍ കമ്മിറ്റീസ് സെക്രട്ടറി സ്ഥാനം പുതുതായി സൃഷ്ടിക്കാനും ഈ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നതില്‍ ജനറല്‍ സെക്രട്ടേറിയറ്റിന്റെ പങ്ക് സജീവമാക്കാനും തീരുമാനമുണ്ട്.
ഫെഡറേഷന്റെ ഭരണപരവും സാങ്കേതികവുമായ നടപടിക്രമങ്ങളുടെ സമഗ്രമായ വിലയിരുത്തല്‍ നടത്താനും ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിക്കുന്നതിനു മുന്നോടിയായി വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഡയറക്ടര്‍ ബോര്‍ഡിന് സമര്‍പ്പിക്കാനും തീരുമാനമുണ്ട്. എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനായി നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് കര്‍ശന നിര്‍ദേശം നല്‍കി. സ്‌പോര്‍ട്‌സ് മേഖലയില്‍ സുതാര്യത വര്‍ധിപ്പിക്കാനും ഗവേണന്‍സ് വികസിപ്പിക്കാനും സ്ഥാപനപരമായ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുമുള്ള ഫെഡറേഷന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടികളെന്ന് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് വ്യക്തമാക്കി.