ജിദ്ദ – സൗദിയില്‍ ഏതെല്ലാം സാഹചര്യങ്ങളില്‍ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് വ്യക്തമാക്കുന്ന ഇലക്ട്രിസിറ്റി സര്‍വീസ് ലെവല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഗൈഡ് സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി പുറത്തിറക്കി. ഓരോ സാഹചര്യത്തിലും എത്ര തുക വീതമാണ് നഷ്ടപരിഹാരം ലഭിക്കുകയെന്നും ഗൈഡിൽ പറയുന്നുണ്ട്. എട്ടു സാഹചര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് ഗൈഡ് വ്യക്തമാക്കുന്നു. ഇതേ കുറിച്ച് പരിചയപ്പെടുത്താനായി അതോറിറ്റി ബോധവല്‍ക്കരണ കാമ്പയിന്‍ ആരംഭിച്ചു.
ഇതുവഴി ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, സേവന ദാതാക്കളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. വൈദ്യുതി സ്തംഭനവുമായും മറ്റും ബന്ധപ്പെട്ട് പത്ത് പ്രവൃത്തി ദിവസത്തില്‍ അപേക്ഷയോ പരാതിയോ സമര്‍പ്പിക്കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നൽകുമെന്ന് അതോറിറ്റി വ്യക്തമാക്കി. പ്രതിമാസ ഉപഭോഗ ബില്ലില്‍ ക്രെഡിറ്റ് ചേര്‍ത്തോ നേരിട്ടുള്ള ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയോ നഷ്ടപരിഹാരം നല്‍കും. മുഴുവന്‍ വൈദ്യുതി സേവന ദാതാക്കള്‍ക്കും ഈ നിയമം ബാധകമാണ്. ഗാര്‍ഹിക, വാണിജ്യ, കാര്‍ഷിക, വ്യാവസായിക ഉപഭോക്താക്കള്‍ അടക്കം മുഴുവന്‍ ഉപഭോക്തൃ വിഭാഗങ്ങള്‍ക്കും നഷ്ടപരിഹാരം ലഭിക്കും.
പ്രധാന മാനദണ്ഡങ്ങളും നഷ്ടപരിഹാരങ്ങളും:
- മീറ്റര്‍ രജിസ്‌ട്രേഷന്‍, രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍: ഇതിനുള്ള അപേക്ഷയില്‍ മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. കാലതാമസമുണ്ടായാല്‍ അപേക്ഷകന് 100 റിയാല്‍ നഷ്ടപരിഹാരം ലഭിക്കും. കൂടാതെ കാലതാമസമുണ്ടാകുന്ന ഓരോ അധിക പ്രവൃത്തി ദിവസത്തിനും 20 റിയാല്‍ തോതിലും നഷ്ടപരിഹാരം ലഭിക്കും.
- കണക്ഷനുള്ള അപേക്ഷ, കണക്ഷനില്‍ മാറ്റം വരുത്താനുള്ള അപേക്ഷ: അപേക്ഷകളില്‍ നെറ്റ്വര്‍ക്ക് വോള്‍ട്ടേജ് അനുസരിച്ച് 20 മുതല്‍ 60 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. സേവന ദാതാവ് ഇത് പാലിക്കുന്നില്ലെങ്കില്‍, ഉപഭോക്താവിന് 400 റിയാല്‍ നഷ്ടപരിഹാരം ലഭിക്കും. കൂടാതെ കാലതാമസം വരുത്തുന്ന അധികമുള്ള ഓരോ പ്രവൃത്തി ദിവസത്തിനും 20 റിയാല്‍ തോതിലും നഷ്ടപരിഹാരം ലഭിക്കും.
- പണമടച്ച ശേഷം സേവനം പുനഃസ്ഥാപിക്കല്‍: പണമടക്കാത്തതിനാല്‍ സേവനം വിച്ഛേദിക്കപ്പെടുകയും തുടര്‍ന്ന് പണമടക്കുകയും ചെയ്താല്‍, രണ്ട് മണിക്കൂറിനുള്ളില്‍ സേവനം പുനഃസ്ഥാപിക്കണം. അല്ലാത്തപക്ഷം, ഉപഭോക്താവിന് 100 റിയാല്‍ നഷ്ടപരിഹാരത്തിന് അവകാശമുണ്ട്. കൂടാതെ കാലതാമസം വരുത്തുന്ന ഓരോ മണിക്കൂറിനും 100 റിയാല്‍ തോതിലും നഷ്ടപരിഹാരം ലഭിക്കും.
- ക്രമരഹിതമായി വൈദ്യുതി വിച്ഛേദിക്കല്‍: നിരോധിത സമയങ്ങളോ വ്യവസ്ഥകളോ സേവന ദാതാവ് പാലിക്കുന്നില്ലെങ്കില്‍ ഉപഭോക്താവിന് 500 സൗദി റിയാല്‍ നഷ്ടപരിഹാരം ലഭിക്കും. വൈദ്യുതി സേവനം ഉടനടി പുനഃസ്ഥാപിക്കുകയും ചെയ്യും.
- ബില്ലിംഗ് പരാതികള്‍: ബില്ലുകളുമായി ബന്ധപ്പെട്ട പരാതികളില്‍ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ വിശദമായ മറുപടി നല്‍കല്‍ നിര്‍ബന്ധമാണ്. ഇതിന് സേവന ദാതാവ് കാലതാമസം വരുത്തിയാല്‍ ഉപഭോക്താവിന് 100 റിയാല്‍ നഷ്ടപരിഹാരം ലഭിക്കും. കൂടാതെ കാലതാമസം വരുത്തുന്ന ഓരോ അധിക പ്രവൃത്തി ദിവസത്തിനും 50 റിയാല്‍ തോതിലും നഷ്ടപരിഹാരം ലഭിക്കും.
- ആസൂത്രണം ചെയ്ത വൈദ്യുതി തടസ്സം: അറ്റകുറ്റപ്പണികള്‍ പോലുള്ള ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി തടസ്സത്തെ കുറിച്ച് കുറഞ്ഞത് രണ്ട് ദിവസം മുമ്പെങ്കിലും ഉപഭോക്താവിനെ കമ്പനി അറിയിക്കണം. ഇങ്ങിനെ അറിയിക്കാതിരുന്നാല്‍ ഉപഭോക്താവിന് 100 നഷ്ടപരിഹാരം നല്‍കേണ്ടിവരും. വൈദ്യുതി സേവനം 6 മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ ഉപഭോക്താവിന് 200 റിയാല്‍ നഷ്ടപരിഹാരം ലഭിക്കും. കൂടാതെ അധികമായുള്ള ഓരോ മണിക്കൂറിനും 50 റിയാല്‍ തോതിലും നഷ്ടപരിഹാരം നല്‍കും.
- അടിയന്തിര വൈദ്യുതി തടസ്സം: കമ്പനിയുടെ നിയന്ത്രണത്തില്‍ പെട്ടതല്ലാത്ത അടിയന്തിര സാഹചര്യങ്ങളില്‍ വൈദ്യുതി തടസ്സം സംഭവിക്കുമ്പോള്‍ സേവനം എത്രയും വേഗം പുനഃസ്ഥാപിക്കണം. വൈദ്യുതി സ്തംഭനം 3 മണിക്കൂറില്‍ കൂടുതല്‍ നിലനില്‍ക്കുകയാണെങ്കില്‍ ഉപഭോക്താവിന് 50 റിയാല്‍ നഷ്ടപരിഹാരം നല്‍കണം. ഇതിനു പുറമെ മൂന്നു മണിക്കൂര്‍ പിന്നിട്ട ശേഷമുള്ള ഓരോ മണിക്കൂറിനും 50 റിയാല്‍ തോതിലും നഷ്ടപരിഹാരം നല്‍കണം.
- മൊത്തത്തിലുള്ള വൈദ്യുതി തടസ്സം: ഒരു നഗരത്തിലോ ഗവര്‍ണറേറ്റിലോ സേവനം പൂര്‍ണ്ണമായും തടസ്സപ്പെടുകയും 6 മണിക്കൂറിനുള്ളില്‍ പുനഃസ്ഥാപിക്കപ്പെടാതിരിക്കുകയും ചെയ്താല്‍, ഉപഭോക്താവിന് പരമാവധി 1,000 നഷ്ടപരിഹാരം നല്‍കും.
ഇലക്ട്രിസിറ്റി സര്‍വീസ് ലെവല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഗൈഡ് വിശദാംശങ്ങള്‍ അറിയാന്‍ www.sera.gov.sa എന്ന വെബ്സൈറ്റ് സന്ദർശിക്കുക. സേവനത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ ടോള്‍ ഫ്രീ നമ്പര്‍ (19944) വഴിയോ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയോ ബന്ധപ്പെടണമെന്ന് സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.