റിയാദ്: അഞ്ചിനം ഭക്ഷ്യവസ്തുക്കൾ വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാൻ സൗദി ഹലാൽ സെന്ററിൽ നിന്ന് ഹലാൽ സർട്ടിഫിക്കറ്റ് നേടണമെന്ന വ്യവസ്ഥ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി നിർബന്ധമാക്കി.
മാംസം അടങ്ങിയ ഉൽപന്നങ്ങൾ, മാംസ സത്ത്, കൊഴുപ്പുകൾ, ജെലാറ്റിൻ, കൊളാജൻ, അനിമൽ റെനെറ്റ്, മൃഗങ്ങളിൽ നിന്നുള്ള എൻസൈമുകൾ എന്നിവ അടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് ഈ വ്യവസ്ഥ ബാധകമാണ്. ഹലാൽ സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള ആവശ്യകതകളെ കുറിച്ച അവബോധം വളർത്താനും അംഗീകൃത മാനദണ്ഡങ്ങളുടെ കൃത്യമായ പ്രയോഗം ഉറപ്പാക്കാനും ഹലാൽ സർട്ടിഫിക്കേഷൻ ആവശ്യമുള്ള സംയോജിത ഉൽപന്നങ്ങളെ ചുറ്റിപ്പറ്റിയുള്ള ആശയക്കുഴപ്പം കുറക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇറക്കുമതിക്കാർക്കുള്ള സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ പുതിയ ഉത്തരവ്.
എണ്ണകൾ, കൊഴുപ്പ്, മൃഗ റെനെറ്റ്, മൃഗങ്ങളിൽ നിന്നുള്ള ഏതെങ്കിലും ചേരുവകൾ എന്നിവ ഉൽപന്നത്തിൽ ചേർക്കുന്ന പക്ഷം പാലിനും പാലുൽപന്നങ്ങൾക്കും ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ശുദ്ധമായ പാൽ, പാലിൽ നിന്ന് ഉരുത്തിരിഞ്ഞ മോര്, വെണ്ണ, നെയ്യ് എന്നിവ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉൽപനത്തിന്റെ പാക്കിംഗിൽ ഹലാൽ മുദ്ര അടങ്ങിയിട്ടുണ്ടെങ്കിലും പ്രത്യേകം ഹലാൽ സർട്ടിഫിക്കറ്റ് നേടേണ്ടതില്ല.
മൃഗങ്ങളിൽ നിന്നുള്ള എണ്ണകൾ, കൊഴുപ്പുകൾ, മൃഗങ്ങളിൽ നിന്നുള്ള മറ്റേതെങ്കിലും ചേരുവകൾ പോലുള്ളവ നിർമാണത്തിൽ ഉൾപ്പെടുത്തുന്ന പേസ്ട്രി ഉൽപന്നങ്ങൾക്കും ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇവയല്ലാതെ മോര്, പാൽ, പാലിൽ നിന്നുള്ള വെണ്ണ, നെയ്യ് എന്നിവ പേസ്ട്രി ഉൽപന്നങ്ങളിൽ ചേർക്കുന്നതിന് ഹലാൽ സർട്ടിഫിക്കറ്റ് വേണ്ടതില്ല.
ജെലാറ്റിൻ, കൊളാജൻ, മൃഗക്കൊഴുപ്പ്, മൃഗ എണ്ണകൾ, മൃഗങ്ങളിൽ നിന്നുള്ള ഏതെങ്കിലും അഡിറ്റീവുകൾ പോലുള്ള മൃഗങ്ങളിൽ നിന്നുള്ള ചേരുവ നിർമാണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ മധുരപലഹാരങ്ങൾക്കും ചോക്കലേറ്റുകൾക്കും ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പാൽ, പാലിൽ നിന്ന് ലഭിക്കുന്ന മോര്, വെണ്ണ, നെയ്യ് എന്നിവ ചേർക്കുന്നതിന് ഇത് ബാധകമല്ല.
ഐസ്‌ക്രീമിന്റെ നിർമാണത്തിൽ ജെലാറ്റിൻ, കൊളാജൻ, മൃഗക്കൊഴുപ്പ്, എണ്ണകൾ തുടങ്ങി മൃഗങ്ങളിൽ നിന്നുള്ള ചേരുവയോ ഏതെങ്കിലും അഡിറ്റീവുകളോ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവക്കും ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പാലിൽ നിന്ന് ലഭിക്കുന്ന മോര്, ശുദ്ധമായ പാൽ, വെണ്ണ, കൊഴുപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നില്ല. പ്രത്യേക പോഷക ഉപയോഗങ്ങളുള്ള ഭക്ഷണങ്ങൾക്കും ഇതേ വ്യവസ്ഥകൾ ബാധകമാണ്.
വിശ്വസനീയമായ ഭക്ഷ്യവസ്തുക്കൾക്കും ഉൽപന്നങ്ങൾക്കും റഫറൻസ് കേന്ദ്രമായി മാറാൻ സൗദി ഹലാൽ സെന്റർ ശ്രമിക്കുന്നു. സ്ഥാപനങ്ങൾക്കും ഉൽപന്നങ്ങൾക്കും ഹലാൽ സർട്ടിഫിക്കേഷൻ നൽകൽ, ഹലാൽ സർട്ടിഫിക്കേഷൻ സ്ഥാപനങ്ങളെയും വകുപ്പുകളെയും അംഗീകരിക്കൽ, സർവകലാശാലകളുമായും ഗവേഷണ കേന്ദ്രങ്ങളുമായും സഹകരിച്ച് പഠനങ്ങളും ഗവേഷണങ്ങളും നടത്തൽ, സർട്ടിഫിക്കേഷൻ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പരിശീലനത്തിനും വികസനത്തിനുമായി കേന്ദ്രം സ്ഥാപിക്കൽ എന്നിവയുൾപ്പെടെ വിപുലമായ സേവനങ്ങൾ സൗദി ഹലാൽ സെന്റർ വാഗ്ദാനം ചെയ്യുന്നു.
ഹലാൽ സെന്റർ തന്ത്രം മൂന്ന് കേന്ദ്രബിന്ദുക്കളെ അടിസ്ഥാനമാക്കുന്നു. പൂർണ പ്രാദേശിക അനുസരണമാണ് ഇതിൽ ആദ്യത്തേത്. ഇറക്കുമതി ചെയ്യുന്ന മാംസം, കോഴിയിറച്ചി, ഭക്ഷ്യവസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട ഹലാൽ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു. സൗന്ദര്യവർധക വസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ മറ്റു ഉൽപന്നങ്ങൾക്ക് ഹലാൽ, ഗുണനിലവാര മാനദണ്ഡങ്ങൾ സെന്റർ വികസിപ്പിക്കുകയും ചെയ്യുന്നു.
പ്രാദേശികവും ആഗോളവുമായ ഉൽപന്നങ്ങൾക്കും ലോജിസ്റ്റിക് സേവനങ്ങൾക്കും യോഗ്യത കൽപിക്കുന്നതിലൂടെയും ബന്ധപ്പെട്ട ഇസ്‌ലാമിക, ഇസ്‌ലാമികേതര വകുപ്പുകളുമായി ബന്ധം സ്ഥാപിക്കുന്നതിലൂടെയും ആഗോള ഹലാൽ പ്രതിനിധി ആയി മാറാനും ഹലാൽ സെന്റർ ശ്രമിക്കുന്നു. ഹലാൽ സോൺ സ്ഥാപിച്ച് സാമ്പത്തിക പ്രകടനം ത്വരിതപ്പെടുത്തിയും യോഗ്യരായ സൗദി പ്രതിഭകളെ ആകർഷിച്ചുകൊണ്ട് ജീവനക്കാരുടെ ശേഷികൾ വികസിപ്പിച്ചും ഹലാൽ വഴി സാമ്പത്തിക വികസനം സാധ്യമാക്കാൻ സൗദി ഹലാൽ സെന്റർ തന്ത്രത്തിന്റെ മൂന്നാമത്തെ ഭാഗം ലക്ഷ്യമിടുന്നു.