ജിദ്ദ – സൗദിയില്‍ നിയമ ലംഘനങ്ങള്‍ നടത്തുന്ന ഹോട്ടലുകളും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകളും അടക്കമുള്ള ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ക്കുള്ള പിഴകള്‍ ടൂറിസം മന്ത്രാലയം കുത്തനെ ഉയര്‍ത്തി. പുതിയ പിഴകള്‍ ഇന്നലെ മുതല്‍ നിലവില്‍വന്നു. ടൂറിസം മന്ത്രാലയത്തിന്റെ സാധുവായ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതിനുള്ള പിഴ 50,000 റിയാലില്‍ നിന്ന് 2,50,000 റിയാലായി ഉയര്‍ത്തിയിട്ടുണ്ട്.
ഒന്നാം വിഭാഗത്തില്‍ വര്‍ഗീകരിച്ച മക്ക, മദീന, റിയാദ്, ജിദ്ദ, അല്‍കോബാര്‍ നഗരങ്ങളിലെ സ്ഥാപനങ്ങള്‍ക്കും നിയോം, റെഡ് സീ, ദിരിയ, അമാല, ഖിദ്ദിയ തുടങ്ങിയ മെഗാ പദ്ധതി പ്രദേശങ്ങളിലെ സ്ഥാപനങ്ങള്‍ക്കുമാണ് ലൈസന്‍സില്ലാത്തതിന് രണ്ടര ലക്ഷം റിയാല്‍ പിഴ ചുമത്തുക. നിയമ ലംഘനം പരിഹരിക്കുന്നതുവരെ സ്ഥാപനങ്ങള്‍ അടപ്പിക്കുകയും ചെയ്യും.
പിഴകളില്‍ വരുത്തിയ ഭേദഗതികള്‍ പ്രകാരം, രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്ന തായിഫ്, ദമാം, അബഹ, ജിസാന്‍, തബൂക്ക്, ഹായില്‍, ബുറൈദ, ഖമീസ് മുശൈത്ത്, ജുബൈല്‍, നജ്റാന്‍, യാമ്പു, ഹഫര്‍ അല്‍ബാത്തിന്‍, അല്‍ബാഹ, ഹുഫൂഫ്, സകാക്ക എന്നീ നഗരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ടൂറിസം സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതിനുള്ള പിഴ 50,000 റിയാലില്‍ നിന്ന് 1,50,000 റിയാലായി ഉയര്‍ത്തി. ലൈസന്‍സ് മറ്റുള്ളവരെ ഉപയോഗിക്കാന്‍ അനുവദിക്കുന്നതിനുള്ള പിഴ ഒന്നാം വിഭാഗത്തിലെ സ്ഥാപനങ്ങള്‍ക്ക് 60,000 റിയാലായും രണ്ടാം വിഭാഗത്തിലെ സ്ഥാപനങ്ങള്‍ക്ക് 55,000 റിയാലായും വര്‍ധിപ്പിച്ചു. ഇതുവരെ ഈ നിയമ ലംഘനത്തിനുള്ള പിഴ 50,000 റിയാലായിരുന്നു.
മന്ത്രാലയ പരിശോധകരെ അവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് തടയുന്ന ഒന്നാം വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്കുള്ള പിഴ 5,000 റിയാലില്‍ നിന്ന് 10,000 റിയാലായി ഇരട്ടിയാക്കി. ഈ നിയമ ലംഘനത്തിന് രണ്ടാമത്തെ വിഭാഗത്തിലെ സ്ഥാപനങ്ങള്‍ക്കുള്ള പിഴ 5,000 റിയാലില്‍ നിന്ന് 7,000 റിയാലായും ഉയര്‍ത്തി. ടൂറിസ്റ്റുകളുടെ താല്‍പര്യത്തിന് അനുസൃതമായി, ടെലിഫോണ്‍ കോളുകള്‍ക്കും ഇ-മെയിലുകള്‍ക്കും മറുപടി നല്‍കുമ്പോള്‍ അറബിയും ഇംഗ്ലീഷും ഉപയോഗിക്കാതിരിക്കുന്നതിന് മന്ത്രാലയം പുതുതായി പിഴ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിയമ ലംഘനം പരിഹരിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് ഏഴ് ദിവസത്തെ സമയം നല്‍കും. ഇതിനകം നിയമ ലംഘനം പരിഹരിക്കാതിരിക്കുന്നതിന് ഒന്നാം വിഭാഗത്തിലെ (ഫൈവ് സ്റ്റാര്‍) സ്ഥാപനങ്ങള്‍ക്ക് 6,000 റിയാലും രണ്ടാം വിഭാഗത്തിലെ (ഫോര്‍ സ്റ്റാര്‍) സ്ഥാപനങ്ങള്‍ക്ക് 5,000 റിയാലും താഴ്ന്ന റേറ്റിംഗുള്ള സ്ഥാപനങ്ങള്‍ക്ക് പിഴ 2,000 റിയാലും പിഴ ചുമത്തും. പതിനായിരം റിയാലില്‍ കവിയാത്ത പിഴകള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഈ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പിഴ ചുമത്തും.
ടൂറിസം ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളുടെ ഭാഗത്തുള്ള ലംഘനങ്ങളും അവക്കുള്ള പിഴകളും നടപ്പാക്കുന്നതിനുള്ള വ്യവസ്ഥകള്‍ പട്ടികയില്‍ പ്രതിപാദിച്ചിരിക്കുന്നു. ലൈസന്‍സില്ലാതെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടത്തുക, ലൈസന്‍സ് റദ്ദാക്കിയതിന് ശേഷവും കാലഹരണപ്പെട്ടതിനുശേഷവും സസ്‌പെന്‍ഷന്‍ കാലയളവിലും പ്രവര്‍ത്തനം തുടരുക, പൊതു സുരക്ഷക്കോ രാജ്യത്തെ ടൂറിസം മേഖലയുടെ പ്രശസ്തിക്കോ ദോഷം വരുത്തുന്ന ഏതെങ്കിലും ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടത്തുക, നിയമത്തില്‍ അനുശാസിക്കുന്ന പ്രകാരം പരിശോധകരെ അവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് തടയുക, അവരുമായി സഹകരിക്കാനോ അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാനോ വിസമ്മതിക്കുക എന്നിവ ഗുരുതരമായ ലംഘനങ്ങളായി വ്യവസ്ഥകള്‍ വ്യക്തമാക്കുന്നു.
ടൂറിസ്റ്റ് സ്ഥാപനത്തിന്റെ വിഭാഗം, ഭൂമിശാസ്ത്രപരമായ സ്ഥാനം, സ്ഥാപനത്തിന്റെ വലുപ്പം എന്നിവയെ അടിസ്ഥാനമാക്കിയാണ് പിഴകള്‍ ചുമത്തുക. വലിയ സ്ഥാപനങ്ങള്‍ക്ക് ഏറ്റവും കൂടിയ പിഴയും മറ്റു സ്ഥാപനങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ പിഴയും കണക്കാക്കും. പിഴ ചുമത്തുന്നതിന് മുമ്പ് ഗുരുതരമല്ലാത്ത നിയമ ലംഘനങ്ങളില്‍ മാത്രം സ്ഥാപനങ്ങള്‍ക്ക് വാണിംഗ് നല്‍കണമെന്ന് വ്യവസ്ഥകള്‍ വ്യക്തമാക്കുന്നു. മുന്നറിയിപ്പ് നല്‍കിയ ശേഷം നിയമലംഘകര്‍ക്ക് നിയമ ലംഘനം പരിഹരിക്കാന്‍ തിരുത്തല്‍ കാലയളവ് നല്‍കും. നിയമ ലംഘനം പരിഹരിക്കാതെ തിരുത്തല്‍ കാലയളവ് അവസാനിച്ച ശേഷം നിയമ ലംഘകര്‍ക്ക് പിഴ ചുമത്തും.
ഗുരുതരമല്ലാത്ത നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് വാണിംഗ് നല്‍കില്ല. ആദ്യ നിയമ ലംഘനം രേഖപ്പെടുത്തുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിയമ ലംഘനം നടത്തിയാല്‍ ഗുരുതരമോ ഗുരുതരമല്ലാത്തതോ ആയ നിയമ ലംഘനം ആവര്‍ത്തിച്ചതായി കണക്കാക്കും. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യല്‍, താല്‍ക്കാലിക അടച്ചുപൂട്ടല്‍ പോലുള്ള ശിക്ഷാ കാലയളവ് ഇരട്ടിയാക്കും.
പിഴയല്ലാതെ മറ്റു ശിക്ഷകളൊന്നും നിര്‍ണയിച്ചിയിട്ടില്ലാത്ത നിയമ ലംഘനങ്ങള്‍ മൂന്ന് തവണ ആവര്‍ത്തിച്ചാല്‍, പ്രത്യേക കമ്മിറ്റിക്ക് 60 ദിവസത്തില്‍ കൂടാത്ത കാലയളവിലേക്ക് സ്ഥാപനങ്ങള്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനോ താല്‍ക്കാലികമായി അടച്ചുപൂട്ടാനോ വിധിക്കാവുന്നതാണ്. നിയമ ലംഘനം നാലാം തവണയും ആവര്‍ത്തിച്ചാല്‍ കമ്മിറ്റിക്ക് ലൈസന്‍സ് റദ്ദാക്കാവുന്നതാണ്.
വ്യവസ്ഥകള്‍ പ്രകാരം ആദ്യം ഏറ്റവും കുറഞ്ഞ തുകയാണ് പിഴ ചുമത്തുക. ആവര്‍ത്തനങ്ങളുടെ എണ്ണത്തിനനുസരച്ച് പരമാവധി തുക കവിയാത്ത നിലക്ക് പിഴ തുക ഇരട്ടിയാക്കും. പിഴയും മറ്റു ശിക്ഷകളും നിര്‍ണയിച്ചിട്ടുള്ള നിയമ ലംഘനങ്ങള്‍ക്ക് ശിക്ഷകള്‍ വിധിക്കുമ്പോള്‍ നിയമ ലംഘനങ്ങളുടെ സാഹചര്യങ്ങള്‍ കമ്മിറ്റി പരിഗണിക്കും.
മക്ക, മദീന, റിയാദ്, ജിദ്ദ, അല്‍കോബാര്‍ എന്നീ നഗരങ്ങളും പ്രധാന പദ്ധതികളായ നിയോം, ചെങ്കടല്‍, ദിരിയ, അമാല, ഖിദ്ദിയ എന്നിവിടങ്ങളും ഉള്‍പ്പെടുന്ന ഭൂമിശാസ്ത്രപരമായ മേഖലയെ വ്യവസ്ഥകള്‍ ആദ്യ മേഖലയായി വിഭജിക്കുന്നു. തായിഫ്, ദമാം, അബഹ, ജിസാന്‍, തബൂക്ക്, ഹായില്‍, ബുറൈദ, ഖമീസ്മുശൈത്ത്, ജുബൈല്‍, നജ്റാന്‍, യാമ്പു, ഹഫര്‍ അല്‍ബാത്തിന്‍, അല്‍ബാഹ, ഹുഫൂഫ്, സകാക്ക എന്നീ നഗരങ്ങള്‍ രണ്ടാമത്തെ സോണില്‍ ഉള്‍പ്പെടുന്നു. മറ്റ് നഗരങ്ങളും ഗവര്‍ണറേറ്റുകളും മൂന്നാമത്തെ സോണില്‍ അടങ്ങിയിരിക്കുന്നു.



