ജിദ്ദ – മലേഷ്യയില്‍ മയക്കുമരുന്ന് കടത്ത് ശ്രമം വിഫലമാക്കാന്‍ സഹായിച്ച് സൗദി അറേബ്യ. സൗദി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ മലേഷ്യന്‍ കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ആന്റി-നാര്‍കോട്ടിക്‌സ് ഡയറക്ടറേറ്റിന് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്. മെഡിക്കല്‍ ഉപകരണങ്ങള്‍ അടങ്ങിയ ലോഡില്‍ ഒളിപ്പിച്ച് കടത്തിയ 25 കിലോ കൊക്കൈന്‍ മലേഷ്യന്‍ അധികൃതര്‍ പിടികൂടുകയായിരുന്നെന്ന് സൗദി ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ത്വലാല്‍ ബിന്‍ ശല്‍ഹോബ് പറഞ്ഞു.


അതേസമയം , സൗദി-ഒമാന്‍ അതിര്‍ത്തിയിലെ റുബ്ഉല്‍ഖാലി മരുഭൂമി അതിര്‍ത്തി പോസ്റ്റ് വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമവും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കി. ട്രക്കിന്റെ എയര്‍ ടാങ്കിന്റെ അടിയില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 8.9 കിലോ അതിമാരക രാസലഹരി മരുന്ന് സുരക്ഷാ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. മയക്കുമരുന്ന് ശേഖരം കണ്ടെത്തിയ ശേഷം, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളുമായി സഹകരിച്ച് രണ്ടു പേരെ അറസ്റ്റ് ചെയ്തതായും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വക്താവ് ഹമൂദ് അല്‍ഹര്‍ബി അറിയിച്ചു.



