ജിദ്ദ – പത്തു വര്‍ഷത്തിനിടെ യെമന് സൗദി അറേബ്യ 460 കോടി ഡോളറിന്റെ സഹായങ്ങള്‍ നല്‍കിയതായി കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ വക്താവ് ഡോ. സാമിര്‍ അല്‍ജുതൈലി പറഞ്ഞു. യെമനില്‍ സുതാര്യമായി പ്രവര്‍ത്തിക്കുന്ന എല്ലാ യു.എന്‍, അന്താരാഷ്ട്ര സംഘടനകള്‍ക്കും സൗദി അറേബ്യ ധനസഹായം നല്‍കിയിട്ടുണ്ട്. പല പദ്ധതികളിലും സൗദി അറേബ്യയുടെ പേര് പ്രത്യക്ഷപ്പെടില്ലെങ്കിലും അവക്ക് രാജ്യം ധനസഹായം നല്‍കുന്നു.
ദുരിതാശ്വാസ, മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം യെമനില്‍ സൗദി അറേബ്യ നടപ്പാക്കുന്ന പുനര്‍നിര്‍മ്മാണ പ്രോഗ്രാം അടിസ്ഥാന സൗകര്യങ്ങള്‍, റോഡുകള്‍, ആരോഗ്യം, വിദ്യാഭ്യാസം, മറ്റ് മേഖലകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചിലപ്പോള്‍, നിയമാനുസൃത യെമന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളേക്കാള്‍ ഹൂത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ക്ക് സൗദി അറേബ്യ കൂടുതല്‍ സഹായം നല്‍കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് സഹായങ്ങള്‍ നല്‍കുക എന്നതാണ് സൗദി അറേബ്യയുടെ ഏക ലക്ഷ്യം. 2015 ല്‍ കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ സ്ഥാപിതമായ ശേഷം, സൗദി അറേബ്യ യെമന് 460 കോടി ഡോളറിന്റെ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇക്കാലയളവില്‍ യെമന് ലഭിച്ച മൊത്തം സഹായത്തിന്റെ 60 ശതമാനവും സൗദിയില്‍ നിന്നായിരുന്നെന്നും ഡോ. സാമിര്‍ അല്‍ജുതൈലി പറഞ്ഞു.



