ജിദ്ദ – ഈജിപ്തിലെ ശറമുശ്ശൈഖിലേക്ക് പോകുന്ന തൂര്‍സീനായ് റോഡില്‍ വാഹനാപകടത്തില്‍ ഖത്തര്‍ അമീരി കോര്‍ട്ട് ഉദ്യോഗസ്ഥര്‍ മരിച്ച സംഭവത്തില്‍ ഖത്തര്‍ സര്‍ക്കാരിനെയും ജനങ്ങളെയും സൗദി വിദേശമന്ത്രാലയം സൗദി അറേബ്യയുടെ ആത്മാര്‍ഥമായ അനുശോചനവും സഹതാപവും അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങളോടുള്ള സൗദി അറേബ്യയുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച വിദേശ മന്ത്രാലയം, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
ശറമുശ്ശൈഖ് റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നു ഖത്തര്‍ ഉദ്യോഗസ്ഥര്‍ മരണപ്പെടുകയും രണ്ടു ഖത്തര്‍ ഉദ്യോഗസ്ഥര്‍ക്കും ഈജിപ്തുകാരനായ ഡ്രൈവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നാളെ നടക്കുന്ന സമാധാന ഉച്ചകോടിക്കു മുന്നോടിയായി കയ്റോയില്‍ നിന്ന് ശറമുശ്ശൈഖിലേക്ക് പോവുകയായിരുന്ന ജീവനക്കാര്‍ സഞ്ചരിച്ച കാറിന്റെ അമിത വേഗതയും ടയര്‍ പൊട്ടിത്തെറിച്ചതുമാണ് അപകടത്തിന് കാരണമെന്ന് ഈജിപ്ഷ്യന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുക്കുന്ന ഖത്തര്‍ പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍ക്ക് ആവശ്യമായ ലോജിസ്റ്റിക്കല്‍ തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു അപകടത്തില്‍ പെട്ട ഖത്തര്‍ ജീവനക്കാരുടെ ദൗത്യമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ശറമുശ്ശൈഖിന് 50 കിലോമീറ്റര്‍ മുമ്പ് അല്‍തൂര്‍ നഗരത്തിലെ തുരങ്ക റോഡിലാണ് അപകടം സംഭവിച്ചത്. ഹസന്‍ ജാബിര്‍ അല്‍ജാബിര്‍, അബ്ദുല്ല ഗാനിം അല്‍ഖയാരീന്‍, സൗദ് ബിന്‍ ഥാമിര്‍ അല്‍ഥാനി എന്നിവരാണ് മരിച്ചത്. അബ്ദുല്ല ബിന്‍ ബിന്‍ ഈസ അല്‍കുവാരി, മുഹമ്മദ് അല്‍ബൂഐനൈന്‍ എന്നീ ഖത്തര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇവരെ ശറമുശ്ശൈഖ് ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.