ജിദ്ദ – സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കിടയില്‍ പ്രവാസി തൊഴിലാളികളുടെ സേവനങ്ങള്‍ ഔട്ട്സോഴ്സ് ചെയ്യുന്നത് നിയന്ത്രിക്കുന്ന നിയമങ്ങള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി അംഗീകരിച്ചു. നിയമപാലന തോത് വര്‍ധിപ്പിക്കാനും തൊഴില്‍ വിപണിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിലക്ക് തൊഴില്‍ കരാര്‍ ബന്ധങ്ങള്‍ നിയന്ത്രിക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്.
രാജ്യത്തിനുള്ളിലുള്ള പ്രവാസി തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടുന്ന നിലക്ക് സേവനങ്ങള്‍ ഔട്ട്സോഴ്സ് ചെയ്യാന്‍ സ്ഥാപനങ്ങളെ പ്രാപ്തമാക്കാനാണ് ഈ നിയമങ്ങളിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്കിടയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ തൊഴിലാളി കൈമാറ്റം ക്രമീകരിക്കുന്ന അജീര്‍ പ്ലാറ്റ്ഫോം വഴി, സേവനം നല്‍കുന്ന സ്ഥാപനത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് സേവനങ്ങള്‍ ഔട്ട്‌സോഴ്‌സ് ചെയ്യേണ്ടത്. തൊഴില്‍ വിപണി നിയന്ത്രിക്കാനും അജീര്‍ വഴി പെര്‍മിറ്റുകള്‍ നേടി ലഭ്യമായ പരിഹാരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സ്ഥാപനങ്ങളെ പ്രാപ്തമാക്കാനും ഈ നിയമങ്ങള്‍ സഹായിക്കുന്നു.
അജീര്‍ പ്ലാറ്റ്ഫോം വഴി പ്രവാസി തൊഴിലാളികളുടെ സേവനങ്ങള്‍ ഔട്ട്സോഴ്സ് ചെയ്യുന്നത് നിയന്ത്രിക്കുന്ന നിയമങ്ങളുടെ വിശദാംശങ്ങള്‍ അവലോകനം ചെയ്യാനും അംഗീകൃത നിയമങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും അനുസൃതമായി പദവികള്‍ ശരിയാക്കാന്‍ ഈ സംവിധാനം പ്രയോജനപ്പെടുത്താനും മന്ത്രാലയം സ്വകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. തൊഴില്‍ കരാര്‍ അവകാശങ്ങള്‍ സംരക്ഷിക്കാനും സൗദി തൊഴില്‍ വിപണിയിലെ തൊഴില്‍ അന്തരീക്ഷത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്ന നിലക്ക് സ്ഥാപനങ്ങള്‍ക്കിടയിലുള്ള സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ് നിയന്ത്രിക്കാനാണ് ഈ നിയമങ്ങള്‍ വഴി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്.



