റിയാദ് – ബംഗ്ലാദേശില്‍ നിന്ന് പൊതുവിഭാഗം തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് വ്യവസ്ഥാപിതമാക്കാന്‍ സൗദി അറേബ്യയും ബംഗ്ലാദേശും കരാര്‍ ഒപ്പുവെച്ചു. സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹിയും ബംഗ്ലാദേശ് പ്രവാസി ക്ഷേമ, വിദേശ എംപ്ലോയ്‌മെന്റ് മന്ത്രി ഡോ.ആസിഫ് നദ്റുലുമാണ് കരാര്‍ ഒപ്പുവെച്ചത്.
ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.ബംഗ്ലാദേശി തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്കായി സമഗ്രമായ നിയന്ത്രണ ചട്ടക്കൂട് സ്ഥാപിക്കുക, തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ ഉറപ്പാക്കുക, തൊഴില്‍ വിപണിയില്‍ നീതിയും സുതാര്യതയും വര്‍ധിപ്പിക്കുന്നതിന് ഇരു കക്ഷികളും തമ്മിലുള്ള കരാര്‍ ബന്ധം വ്യവസ്ഥാപിതമാക്കുക എന്നിവയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.
ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ തൊഴില്‍ മന്ത്രാലയങ്ങളുമായി അന്താരാഷ്ട്ര പങ്കാളിത്തം കെട്ടിപ്പടുക്കാനും ശക്തിപ്പെടുത്താനും, സൗദി തൊഴില്‍ വിപണിയില്‍ സന്തുലിതാവസ്ഥയും സുസ്ഥിരതയും പിന്തുണക്കുന്ന പുതിയ തൊഴില്‍ വിപണികള്‍ തുറക്കാനും, രാജ്യത്തിന്റെയും സൗഹൃദ രാജ്യങ്ങളുടെയും പൊതു താല്‍പ്പര്യങ്ങള്‍ കൈവരിക്കാനുമുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ബംഗ്ലാദേശുമായി റിക്രൂട്ട്‌മെന്റ് കരാര്‍ ഒപ്പുവെച്ചത്. തൊഴില്‍, വികസന മേഖലകളില്‍ പൊതു ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്ന നിലക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വികസിപ്പിക്കാനും ബന്ധം ശക്തിപ്പെടുത്താനുമുള്ള വഴികളും കൂടിക്കാഴ്ചക്കിടെ ഇരു മന്ത്രിമാരും ചര്‍ച്ച ചെയ്തു.