ദുബൈ– കേരളീയ മുസ്‌ലിംകളുടെ സാമൂഹിക ജീവിതം വിജയമാക്കിയതില്‍ സമസ്തയുടെ പങ്ക് നിര്‍ണായകമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത നൂറാം വാര്‍ഷികാഘോഷത്തിന്റെ പ്രചാരണാര്‍ത്ഥം അന്താരാഷ്ട്ര മഹാ സമ്മേളനം ദുബൈയിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സൗഭാഗ്യമാണ്. മഹാന്മാരായ പണ്ഡിതന്മാരുടെ ദീര്‍ഘ വീക്ഷണത്തിലും അനുഭവ പാരമ്പര്യത്തിലും സമൂഹത്തെ സമസ്ത അതിമഹത്തായ നിലയില്‍നയിച്ചു. ഇന്നും മഹാ പണ്ഡിതന്മാരുടെ സമസ്ത ആ നായകത്വത്തില്‍ മുന്നേറുന്നു. വിശുദ്ധ ഖുര്‍ആനും തിരുനബി ചര്യയും മുന്‍നിര്‍ത്തി സമസ്ത പ്രകാശ ഗോപുരമായി നിലകൊള്ളുന്നു. പ്രവാചക മാതൃക മുന്‍നിര്‍ത്തി നാം ജീവിക്കണം. അവനവന്റെ വിശ്വാസങ്ങള്‍ക്കൊപ്പം മറ്റുള്ളവരുടെ വിശ്വാസങ്ങളെയും നാം മാനിക്കണം.ഭിന്നതക്ക് വിത്ത് പാകുന്ന പ്രവര്‍ത്തനങ്ങള്‍ നമ്മില്‍ നിന്നുണ്ടാവരുതെന്നും ജിഫ്‌രി തങ്ങള്‍ ഉദ്‌ബോധിപ്പിച്ചു.
അല്‍ നാസര്‍ ലെഷ്യര്‍ലാന്റില്‍ നടന്ന പരിപാടിയിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
എം.ടി അബ്ദുല്ല മുസ്‌ല്യാര്‍, ഉസ്താദ് കൊയ്യോട് എ.വി അബ്ദുല്‍ റഹിമാന്‍ മുസ്‌ല്യാര്‍ തുടങ്ങിയ പ്രമുഖര്‍ പ്രസംഗിച്ചു. നൂറാം വാര്‍ഷികം കാസര്‍കോട് കുണിയയില്‍ 2026 ഫെബ്രുവരി 4, 5, 6, 7, 8 തീയ്യതികളിലാണ് നടക്കുന്നത്. ദുബൈയില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മീഡിയ സെമിനാര്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പില്‍ എം പി പ്രസംഗിച്ചു. മാധ്യമ പ്രവര്‍ത്തകരായ അഭിലാഷ് മോഹന്‍, എം.സി.എ നാസര്‍, ഷുഐബ് ഹൈതമി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ജലീല്‍ പട്ടാമ്പി തുടങ്ങിയവര്‍ സംസാരിച്ചു. സത്താര്‍ പന്തല്ലൂര്‍ മോഡറേറ്ററായിരുന്നു.



