അബൂദാബി – വായ്പകൾ ലഭിക്കാൻ ദീർഘകാലമായി നിലനിൽക്കുന്ന കുറഞ്ഞ ശമ്പള വ്യവസ്ഥ നിർത്തലാക്കാൻ യുഎഇ സെൻട്രൽ ബാങ്ക് രാജ്യത്തെ ബാങ്കുകളോട് നിർദേശിച്ചു. വ്യക്തിഗത വായ്പകൾക്കുള്ള മിനിമം ശമ്പള പരിധി മിക്ക ബാങ്കുകളും വർഷങ്ങളായി 5,000 ദിർഹമായി നിശ്ചയിച്ചിരുന്നു. പുതിയ നിർദേശപ്രകാരം, ഓരോ ബാങ്കും തങ്ങളുടെ ആഭ്യന്തര നയങ്ങൾക്കനുസൃതമായി സ്വന്തം ശമ്പള മാനദണ്ഡങ്ങൾ നിർണയിക്കും. ഇത് താഴ്ന്ന വരുമാനക്കാർക്ക് ക്യാഷ് ഓൺ ഡിമാൻഡ് ഉൾപ്പെടെയുള്ള സാമ്പത്തിക സേവനങ്ങളിലേക്ക് കൂടുതൽ പ്രവേശനം അനുവദിക്കുന്നു.
ഈ മാറ്റം യുവാക്കൾ, കുറഞ്ഞ വേതനക്കാർ, തൊഴിലാളികൾ എന്നിവർ അടക്കം എല്ലാ താമസക്കാരെയും യുഎഇയിൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ പ്രാപ്തമാക്കും. ഈ അക്കൗണ്ടുകൾ സെൻട്രൽ ബാങ്കിന്റെ വേതന സംരക്ഷണ സംവിധാനവുമായി ബന്ധിപ്പിക്കും. ഇത് കുറഞ്ഞ വരുമാനമക്കാരായ ബ്ലൂ കോളർ തൊഴിലാളികളുടെയും വായ്പകളെടുക്കുന്ന മറ്റ് താഴ്ന്ന വരുമാനക്കാരുടെയും പ്രതിമാസ വേതനം കൈമാറ്റം ചെയ്യപ്പെട്ടാലുടൻ അവരുടെ ശമ്പളത്തിൽ നിന്ന് തവണകൾ സ്വയമേവ കുറക്കാൻ ബാങ്കുകളെ അനുവദിക്കുന്നു. രാജ്യവ്യാപകമായി സാമ്പത്തിക ഉൾപ്പെടുത്തൽ വിപുലീകരിക്കാനും യു.എ.ഇയിലെ എല്ലാവർക്കും സുരക്ഷിതവും നിയന്ത്രിതവുമായ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള വിശാലമായ നീക്കത്തിന്റെ ഭാഗമാണ് ഈ സംരംഭം.



