റിയാദ്: ആദ്യ സൗദി ഭരണകൂടത്തിന്റെ ആസ്ഥാനമായ ദിർഇയയിൽ 510 കോടി റിയാൽ ചെലവിൽ റോയൽ ഓപ്പറ ഹൗസ് നിർമിക്കാൻ കരാർ നൽകിയതായി ദിർഇയ ഡെവലപ്‌മെന്റ് കമ്പനി അറിയിച്ചു.
ദിർഇയ വികസന പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്‌കാരിക ആസ്തികളിൽ ഒന്നാണ് റോയൽ ഓപ്പറ ഹൗസ്. വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കാൻ ശ്രമിച്ച് മേഖലയുടെ അടയാളങ്ങൾ രൂപപ്പെടുത്തുകയും സംസ്‌കാരത്തിനും കലകൾക്കുമുള്ള ഒരു ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റുകയും ചെയ്യുന്ന സുപ്രധാന ചുവടുവെപ്പാണിത്.
അൽ സെയ്ഫ് എൻജിനീയറിംഗ് കോൺട്രാക്ടിംഗ് കമ്പനി, മിഡ്മാക് കൺസ്ട്രക്ഷൻ കമ്പനി, ലോകത്തിലെ ഏറ്റവും വലിയ നിർമാണ കമ്പനിയായ ചൈന സ്റ്റേറ്റ് കൺസ്ട്രക്ഷൻ എൻജിനീയറിംഗ് കോർപ്പറേഷൻ എന്നീ മൂന്നു കമ്പനികൾ അടങ്ങിയ കൺസോർഷ്്യത്തിനാണ് കരാർ നൽകിയിരിക്കുന്നത്. റിയാദിന്റെ പ്രാന്തപ്രദേശത്തുള്ള ചരിത്രപ്രസിദ്ധമായ പ്രദേശം വികസിപ്പിക്കുക എന്ന ദിർഇയ ഡെവലപ്‌മെന്റ് കമ്പനി കാഴ്ചപ്പാട് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് റോയൽ ഓപ്പറ ഹൗസ് നിർമിക്കുന്നത്.
റിയാദ് റോയൽ കമ്മിഷൻ ലൈഫ്‌സ്‌റ്റൈൽ സെക്ടർ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എൻജിനീയർ ഖാലിദ് അൽഹസാനിയുടെയും സംയുക്ത കൺസോർഷ്യത്തിലെ മൂന്നു കമ്പനികളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ദിർഇയ കമ്പനി സി.ഇ.ഒ ജെറി ഇൻസെറില്ലോയാണ് കരാറിൽ ഒപ്പുവച്ചത്.
ദിർഇയയിലെ റോയൽ ഓപ്പറ ഹൗസ് പ്രധാന പ്രകടന കലാ കേന്ദ്രമായും രാജ്യത്തിന്റെ സാംസ്‌കാരിക ഭൂപ്രകൃതിയെ പുനർനിർവചിക്കുന്ന അതുല്യമായ വാസ്തുവിദ്യാ നാഴികക്കല്ലായും മാറും. 2,000 പേർക്ക് ഇരിക്കാവുന്ന, രാജ്യത്തെ ഏറ്റവും വലിയ ഓപ്പറ ഹാൾ ആയിരിക്കും ഈ സാംസ്‌കാരിക മന്ദിരത്തിന്റെ കേന്ദ്രബിന്ദു. തിയേറ്റർ, സ്റ്റുഡിയോ, റൂഫ്‌ടോപ്പ് ആംഫി തിയേറ്റർ, ഏതാനും മൾട്ടി പർപ്പസ് ഹാളുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. റോയൽ ഓപ്പറ ഹൗസിന്റെ ആകെ ശേഷി 3,100 സീറ്റുകളാണ്.

2025-ന്റെ ആദ്യ മാസങ്ങളിൽ ദിർഇയ ഡെവലപ്‌മെന്റ് കമ്പനി പ്രഖ്യാപിച്ച പ്രധാന പദ്ധതികളുടെ പരമ്പരയുടെ ഭാഗമാണ് റോയൽ ഓപ്പറ ഹൗസ് നിർമാണ കരാർ. മീഡിയ ആന്റ് ഇന്നൊവേഷൻ ഡിസ്ട്രിക്ട് സമാരംഭവും ദിർഇയിലെ പ്രധാന തെരുവിന് ചുറ്റുമുള്ള കെട്ടിടങ്ങൾ വികസിപ്പിക്കാനായി കിംഗ്ഡം ടവറിന്റെ ഡിസൈനറായ ഇംറാനിയക്ക് 42.6 കോടി റിയാലിന് ഡിസൈൻ, ആർക്കിടെക്ചർ കരാർ നൽകിയതും ഈ പദ്ധതികളിൽ ഉൾപ്പെടുന്നു.
നോർവീജിയൻ കമ്പനിയായ സ്‌നോഹെറ്റ ഓസ്‌ലോ എ.എസ് ആണ് ഓപ്പറ ഹൗസ് രൂപകൽപന ചെയ്തത്. ജല ഉപഭോഗം യുക്തിസഹമാക്കുക, പ്രകൃതിദത്ത വെളിച്ചം വർധിപ്പിക്കുക, വായുസഞ്ചാരവും താപ സുഖവും ഉറപ്പാക്കുക എന്നിവയിലൂടെ സുസ്ഥിരതയിൽ വ്യക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഈന്തപ്പനകൾ, കല്ല്, കളിമണ്ണ് തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിക്കുന്ന നിലക്ക് നജ്ദി വാസ്തുവിദ്യാ ശൈലിയിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. സ്ട്രക്ചറൽ, ഫേസഡ് ജോലികൾക്ക് ജർമനിയിലെ ഷ്‌ലീച്ച് ബെർഗർമാൻ പാർട്ണർ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ് ജോലികൾക്ക് ബ്യൂറോ ഹാപ്പോൾഡ്, സൗദി ദിയാർ, തിയേറ്റർ ഡിസൈൻ, അക്കോസ്റ്റിക്‌സ് എന്നിവക്ക് തിയേറ്റർ പ്രോജക്ട്‌സ് കൺസൾട്ടന്റ്‌സ്, ഡിസൈൻ മാനേജ്‌മെന്റിന് പ്ലാൻ എയുടെ പിന്തുണയോടെ സാമ്പത്തിക ഉപദേഷ്ടാവായ ജെ.എൽ.എൽ എന്നിവ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര കമ്പനികൾ പദ്ധതി വികസനത്തിൽ പങ്കാളിത്തം വഹിക്കുന്നു.
ദിർഇയയിലെ റോയൽ ഓപ്പറ ഹൗസ്, പ്രകടന കലകളുടെ ആഗോള കേന്ദ്രമാകാൻ ഉദ്ദേശിച്ചാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇത് രാജ്യത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്ന നിലയിലും കലകൾക്ക് ആകർഷകവും അന്തർദേശീയമായി മത്സരാധിഷ്ഠിതവുമായ ഒരു കേന്ദ്രം എന്ന നിലയിലും ദിർഇയയുടെ സ്ഥാനം ശക്തിപ്പെടുത്തും. തത്സമയ പ്രകടനങ്ങളുടെയും സാംസ്‌കാരിക അടിസ്ഥാന സൗകര്യങ്ങളുടെയും ഭാവി രൂപപ്പെടുത്തുന്നതിൽ പ്രധാന കേന്ദ്രമെന്ന നിലയിൽ ദിർഇയയുടെ പങ്ക് ഏകീകരിക്കാനും പദ്ധതി സഹായിക്കും.
വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി, രാജ്യത്തെ കലയുടെയും സംസ്‌കാരത്തിന്റെയും ഭാവി രൂപപ്പെടുത്തുന്നതിൽ ദിർഇയയുടെ വളർന്നുവരുന്ന ആഗോള പങ്കിനെ പിന്തുണക്കുന്ന നാഴികക്കല്ലായിരിക്കും ദിർഇയയിലെ റോയൽ ഓപ്പറ ഹൗസ് എന്ന് ദിർഇയ കമ്പനി സി.ഇ.ഒ ജെറി ഇൻസെറില്ലോ പറഞ്ഞു. ദിർഇയ പദ്ധതി പ്രദേശത്ത് വൈവിധ്യമാർന്ന ആസ്തികൾ വികസിപ്പിക്കാനുള്ള ഞങ്ങളുടെ പ്രയാണത്തിലെ ഒരു പ്രധാന ചുവടുവെപ്പാണ് ഈ കരാർ.
ലോകത്തിലെ ഏറ്റവും വലിയ മീറ്റിംഗ് സ്ഥലത്ത് ആളുകളെ അവിസ്മരണീയമായ പ്രകടനങ്ങൾ ആസ്വദിക്കാൻ ഒരുമിച്ച് കൊണ്ടുവരുന്നതിൽ ഈ വാസ്തുവിദ്യാ മാസ്റ്റർപീസ് നിർണായക പങ്ക് വഹിക്കും. സൗദി അറേബ്യയെ ലോകത്തെ മുൻനിര സാംസ്‌കാരിക കേന്ദ്രമാക്കി പദ്ധതി മാറ്റുമെന്നും ജെറി ഇൻസെറില്ലോ പറഞ്ഞു.
ദിർഇയയിൽ നിർമിക്കുന്ന റോയൽ ഓപ്പറ ഹൗസിലൂടെ ഏറ്റവും പ്രമുഖമായ അന്താരാഷ്ട്ര ഓപ്പറ, കലാ പ്രതിഭകൾക്ക് ആതിഥേയത്വം വഹിക്കാനും പ്രാദേശിക പ്രതിഭകളെ ശാക്തീകരിക്കാനും പിന്തുണക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി റിയാദ് റോയൽ കമ്മീഷൻ ലൈഫ്‌സ്‌റ്റൈൽ സെക്ടർ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എൻജിനീയർ ഖാലിദ് അൽഹസാനി പറഞ്ഞു.
പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള പ്രധാന പദ്ധതികളിലൊന്നായ ദിർഇയ വികസന പദ്ധതി ഒരു സംയോജിത നഗര വികസന പദ്ധതിയാണ്. വരും വർഷങ്ങളിൽ ഒരു ലക്ഷം ആളുകൾക്ക് ആവശ്യമായ പാർപ്പിടങ്ങളും സാങ്കേതികവിദ്യ, മാധ്യമം, കല, വിദ്യാഭ്യാസ മേഖലകളിലെ പതിനായിരക്കണക്കിന് സ്‌പെഷ്യലിസ്റ്റുകൾക്കായി ഓഫീസ് സ്ഥലങ്ങളും ഇവിടെ നിർമിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതി 1,78,000 തൊഴിലവസരങ്ങൾ നൽകുകയും രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിലേക്ക് 7,000 കോടി റിയാൽ സംഭാവന ചെയ്യുകയും പ്രതിവർഷം അഞ്ചു കോടി സന്ദർശകരെ ആകർഷിക്കുകയും ചെയ്യും.