മസ്കത്ത്– പൊതു റോഡുകളിൽ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസ പ്രകടനങ്ങളോ പ്രദർശനങ്ങളോ നടത്തരുതെന്ന് റോയൽ ഒമാൻ പൊലീസ് കർശന മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നിയമം ലംഘിക്കുന്നവർക്ക് മൂന്നുമാസം വരെ തടവോ 500 ഒമാനി റിയാൽ വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും ഒരേ സമയം ശിക്ഷയായി ലഭിക്കുമെന്ന് ഒമാൻ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരത്തിലുള്ള വാഹന അഭ്യാസങ്ങൾ ഗതാഗത സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും അതിന്റെ ഫലമായി ഗുരുതരമായ അപകടങ്ങൾ ഉണ്ടാകാനിടയുണ്ടെന്നുമാണ് പൊലീസിന്റെ മുന്നറിയിപ്പ്. റോഡുകളിൽ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നിയന്ത്രണങ്ങളും കർശനമായി പാലിക്കണമെന്ന് പൊലീസ് ഓർമിപ്പിച്ചു.
ഇതിനിടെ, ദോഫാർ ഗവർണറേറ്റിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് നാല് പൗരന്മാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ നിയമ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
പൊതു സുരക്ഷയും യാത്രക്കാരുടെ ജീവരക്ഷയും മുൻനിർത്തിയുള്ള ചട്ടങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് വീണ്ടും ആവശ്യപ്പെട്ടു.