ദുബൈ– പ്രശസ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയുടെ ബ്രാന്‍ഡ് നാമത്തില്‍ ദുബൈയില്‍ ആരംഭിച്ചിരുന്ന ക്രിക്കറ്റ് അക്കാദമി അടച്ചുപ്പൂട്ടി. കുട്ടികള്‍ക്ക് ക്രിക്കറ്റ് പരിശീലിക്കാനും, വലിയ അവസരങ്ങള്‍ക്ക് വഴിയൊരുക്കാനുമെന്ന പ്രതീക്ഷയില്‍ അക്കാദമിയില്‍ ചേര്‍ത്ത രക്ഷിതാക്കള്‍ക്ക് പെട്ടെന്നുള്ള അടച്ചുപ്പൂട്ടല്‍ അംഗീകരിക്കാന്‍ പറ്റുന്നതായിരുന്നില്ല. പരിശീലനത്തിനായിട്ട് അടച്ച പണം തിരികെ ലഭിക്കുകയോ മറ്റു തീരുമാനങ്ങള്‍ ഇവരുടെ ഭാഗത്ത് നിന്ന് ലഭിക്കുകയോ ചെയ്തിട്ടില്ല എന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. മാത്രമല്ല, ഓഫീസ് ജീവനക്കാര്‍ക്കും, പരിശീലകര്‍ക്കും ശമ്പളവും കൊടുത്തിരുന്നില്ല എന്നുമാണ് റിപ്പോര്‍ട്ട്.
രോഹിത് ശര്‍മ്മയുടെ ബ്രാന്‍ഡായ ക്രിക്ക് കിംഗ്ഡത്തിനു കീഴിയില്‍ 2024 സെപ്റ്റംബറില്‍ ആരംഭിച്ച ഗ്രാസ്‌പോര്‍ട്ട് സ്‌പോര്‍ട്‌സ് അക്കാദമിയുടെ പ്രവര്‍ത്തനമാണ് അവസാനിച്ചത്. ദുബൈയിലെ നാലു സ്‌കൂളുകളിലായി ആരംഭിച്ച അക്കാദമി, ലോകോത്തര പരിശീലനം നൽകുമെന്ന വാഗ്ദാനമാണ് നല്‍കിയത്. ഇത് ആകര്‍ഷിച്ചാണ് രക്ഷിതാക്കൾ കുട്ടികളെ ചേർത്തത്. രോഹിത് ശര്‍മ്മയുമായുള്ള അക്കാദമി എന്ന പ്രശസ്തിയുടെ പേരില്‍ സുഹാസ് പുഡോട്ട എന്ന വ്യക്തിയാണ് ദുബൈയിലെ നാലു സ്‌കൂളുകളിലായി അക്കാദമി നടത്തിയിരുന്നത്.
രോഹിത് ശര്‍മ്മ എന്ന പേര് കാരണം തങ്ങള്‍ വലിയ പ്രതീക്ഷകളോടെയാണ് കുട്ടിയെ അക്കാദമിയില്‍ ചേര്‍ത്തതെന്നും, മാര്‍ക്കറ്റിംഗ് പൂര്‍ണ്ണമായും രോഹിതിനെ ചുറ്റിപറ്റിയായിരുന്നുവെന്നും അക്കാദമിയുടെ തുടക്കത്തില്‍ തന്റെ കുട്ടിയെ ചേര്‍ത്ത ജിതില്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രമോഷനുകളിലും മറ്റു ട്രയല്‍സുകളിലെല്ലാം രോഹിത് ശര്‍മ്മയുടെ ചിത്രങ്ങള്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരുന്നു.അതുക്കൊണ്ടുതന്നെ അക്കാദമി നല്ല ഗുണനിലവാരം പുലര്‍ത്തുമെന്നും തങ്ങള്‍ കരുതിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2025ന്റെ തുടക്കത്തില്‍ തന്നെ പ്രശ്ണങ്ങളുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയെന്നും, ഏപ്രില്‍ മാസമെത്തിയപ്പോഴേക്കും സ്ഥിതി കൂടുതല്‍ വഷളാവുകയുമുണ്ടായി. പലരും മുഴുവന്‍ വര്‍ഷ ഫീസ് അടച്ചിട്ടും, ക്ലാസുകള്‍ ക്രമരഹിതമായി. തുടര്‍ന്ന് മെയ് പകുതിയോടെ അക്കാദമി അടച്ചുപ്പൂട്ടുകയായിരുന്നു.
കഴിഞ്ഞ മെയ് 28ന് ക്രിക്ക് കിംഗ്ഡത്തിന്റെ ആഗോള പ്രവര്‍ത്തന മേധാവി സുശീല്‍ ശര്‍മ്മ വാട്ട്‌സ്ആപ്പ് വഴി ഗ്രാസ്‌പോര്‍ട്ട് ഇനി അക്കാദമി നടത്തുന്നില്ലെന്നും, ശേഷിക്കുന്ന സെക്ഷനുകള്‍ക്കുള്ള റീഫണ്ടുകള്‍ തരുമെന്നും മാതാപിതാക്കളെ അറിയിച്ചു.പക്ഷേ ഇതുവരെയായിട്ടും തങ്ങള്‍ക്ക് പണമൊന്നും തിരികെ ലഭിച്ചിട്ടില്ലയെന്നും രക്ഷിതാക്കള്‍ പറയുന്നു.
അക്കാദമിയിലെ അസിസ്റ്റന്റ് കോച്ചായ ടിറാന്‍ സന്ധുന്‍ വിജേസൂര്യയും തന്റെ ദുരിതം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുകയാണ്. 2024 ഡിസംബര്‍ മുതല്‍ തന്നെ അക്കാദമിയിലെ ജീവനകാര്‍ക്ക് ശമ്പളം വൈകിയെന്നും തുടര്‍ന്ന് പൂര്‍ണ്ണമായും നിലക്കുകയും ചെയ്തു. താന്‍ താമസിക്കുന്ന സ്ഥലത്തെ വാടക കൊടുക്കാന്‍ പോലും കാശില്ലാതെ താന്‍ പെട്ട് പോവുകയും ചെയ്തു. അക്കാദമി അധികൃതരുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും അദ്ദേഹം പുറത്തുവിട്ടു.