ദോഹ– ഖത്തർ നിരത്തുകളിൽ ഇനി റോബോട്ടിക് ടാക്സികളും. ഖത്തറിലെ പൊതുഗതാഗത ദാതാക്കളായ മുവാസലാത് (കർവ) രാജ്യത്തെ ആദ്യത്തെ റോബോടാക്സി സേവനം ആരംഭിച്ചതായി പ്രഖ്യാപിച്ചു.
ഖത്തർ ഗതാഗത മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് റോബോടാക്സി സേവനത്തിന് തുടക്കം കുറിച്ചത്. ഖത്തർ നാഷണൽ വിഷൻ 2030 ന് അനുസൃതമായി സ്മാർട്ട്, സുസ്ഥിര, സാങ്കേതികവിദ്യാധിഷ്ഠിത ഗതാഗത വികസനത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി. നൂതനമായ ഡ്രൈവിംഗ് സാങ്കേതികവിദ്യയിലൂടെ യാത്രക്കാരുടെ സുരക്ഷ, സുഖസൗകര്യങ്ങൾ, കാര്യക്ഷമത എന്നിവ വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന റോബോടാക്സി സേവനം ഖത്തർ പൊതുഗതാഗത രംഗത്ത് പുതിയ യുഗത്തിന് തുടക്കം കുറിയ്ക്കുമെന്ന് മുവാസലാത് അധികൃതർ പറഞ്ഞു.
ഓരോ റോബോടാക്സിയിലും പതിനൊന്ന് ക്യാമറകൾ, നാല് റഡാറുകൾ, നാല് ലിഡാർ സെൻസറുകൾ എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. കൃത്യമായ നാവിഗേഷൻ, തത്സമയ തടസ്സം കണ്ടെത്തൽ എന്നിവക്ക് സഹായകരമാകും. പ്രവർത്തനപരമായ എന്തെങ്കിലും അപാകത ഉണ്ടായാൽ വാഹനത്തിന് ഏറ്റവും അടുത്തുള്ള സുരക്ഷിത സ്ഥലത്തേക്ക് സുരക്ഷിതമായി പോകാൻ കഴിയുന്ന സംവിധാനവും ടാക്സികളിൽ സജ്ജീകരിച്ചിട്ടുണ്ട്.
റോബോടാക്സി സിസ്റ്റം ശേഖരിക്കുന്ന എല്ലാ വിവരങ്ങളും യാത്രക്കാരുടെ ഡാറ്റയും സുരക്ഷിതമായിരിക്കും. ഇത് ദേശീയ ഡാറ്റാ ലോക്കലൈസേഷനും സൈബർ സുരക്ഷാ ചട്ടങ്ങളും പൂർണ്ണമായി പാലിച്ചുകൊണ്ടായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി .സുരക്ഷയുടെയും കാര്യക്ഷമതയുടെയും ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിന് പ്രമുഖ ആഗോള ഓട്ടോണമസ് സാങ്കേതിക സ്ഥാപനങ്ങളുമായി സഹകരിച്ചാണ് റോബോട്ടിക് ടാക്സി സേവനം ഖത്തറിൽ വികസിപ്പിച്ചെടുത്തത്. നൂതന സാങ്കേതികവിദ്യ, സുസ്ഥിരത, സേവന മികവ് എന്നിവയിലൂടെ ഖത്തറിലെ പൊതുഗതാഗതം നവീകരനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് റോബോടാക്സി സേവനമെന്നും മുവാസലാത് അധികൃതർ കൂട്ടിച്ചേർത്തു. കർവാ ആപ് ഉപയോഗിച്ച് ടാക്സികൾ ബുക്ക് ചെയാം.



