റിയാദ് – റിയാദ് റോയല്‍ കമ്മീഷന്‍ നടത്തുന്ന റിയാദ് മെട്രോയില്‍ ഒമ്പതു മാസത്തിനിടെ യാത്രക്കാരുടെ എണ്ണം പത്തു കോടി കവിഞ്ഞു. 2024 ഡിസംബര്‍ ഒന്നിനാണ് റിയാദ് മെട്രോ സര്‍വീസുകള്‍ ആരംഭിച്ചത്. ഉലയ റോഡിലെ ബ്ലൂ ലൈനാണ് ഏറ്റവു കൂടുതൽ യാത്രക്കാര്‍ ഉപയോഗിച്ചത്. ഈ പാതയിലൂടെ 4.65 കോടി യാത്രക്കാരാണ് സഞ്ചരിച്ചത്. രണ്ടാം സ്ഥാനത്തുള്ള കിംഗ് അബ്ദുല്ല റോഡിലെ റെഡ് ലൈനിലൂടെ 1.7 കോടി പേര്‍ യാത്ര ചെയ്തു. മദീന റോഡിലെ ഓറഞ്ച് ലൈന്‍ 1.2 കോടി യാത്രക്കാര്‍ ഉപയോഗിച്ചു. മറ്റ് മൂന്നു ലൈനുകൾ 2.45 കോടി യാത്രക്കാര്‍ ഉപയോഗിച്ചിരുന്നു. പദ്ധതി ആരംഭിച്ച ശേഷം മെട്രോ സര്‍വീസ് നിരക്ക് 99.78 ശതമാനമായി രേഖപ്പെടുത്തി. ഇത് കാര്യക്ഷമമായ പ്രകടനവും സേവന നിലവാരവും പ്രതിഫലിപ്പിക്കുന്നു.
ഖസര്‍ അല്‍ഹുകും, കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ സെന്റര്‍, എസ്.ടി.സി, നാഷണല്‍ മ്യൂസിയം തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ട്. യാത്രക്കാരില്‍ 29 ശതമാനത്തിലേറെ പേരും ഉപയോഗിച്ചത് ഈ സ്റ്റേഷനുകളാണ്.
റിയാദ് മെട്രോ സര്‍വീസുകള്‍ പോലെ തന്നെ പൊതു ബസ് ശൃംഖല, ഓണ്‍-ഡിമാന്റ് ബസ് സര്‍വീസുകള്‍ എന്നിവയുണ്ട്. വീട്ടുവാതില്‍ക്കല്‍ നിന്ന് ആരംഭിച്ച് ലക്ഷ്യസ്ഥാനത്ത് അവസാനിക്കുന്ന സമഗ്രമായ നഗര യാത്രാനുഭവം ഇത് നല്‍കുന്നു. പൊതുഗതാഗത സംവിധാനത്തിലും നഗരത്തിലെ സഞ്ചാര സൗകര്യം വര്‍ധിപ്പിക്കുന്നതിലും നഗരവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും സുസ്ഥിരവും ആധുനികവുമായ ഓപ്ഷനുകള്‍ നല്‍കുന്നതില്‍ റിയാദ് മെട്രോക്കുള്ള പങ്കില്‍ വളര്‍ന്നുവരുന്ന ആത്മവിശ്വാസത്തെ ഈ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നു.
2,250 കോടി ഡോളര്‍ ചെലവഴിച്ച് ലോകത്ത് ഒറ്റയടിക്ക് നടപ്പാക്കിയ ഏറ്റവും വലിയ മെട്രോ പദ്ധതിയാണ് റിയാദിലെത്. റിയാദ് മെട്രോയില്‍ ആകെ ആറു ലൈനുകളാണുള്ളത്. ഒന്നാം ട്രാക്ക് ആയ ഉലയ-ബത്ഹ (ബ്ലൂ ലൈന്‍), നാലാം ട്രാക്ക് ആയ കിംഗ് ഖാലിദ് എയര്‍പോര്‍ട്ട് (യെല്ലോ ലൈന്‍), ആറാം ട്രാക്ക് ആയ അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് ജംഗ്ഷന്‍-ശൈഖ് ഹസന്‍ ബിന്‍ ഹുസൈന്‍ റോഡ് (വയലറ്റ് ലൈന്‍) എന്നീ മൂന്നു റൂട്ടുകളില്‍ ഡിസംബര്‍ ഒന്നിനും രണ്ടാം ട്രാക്ക് ആയ കിംഗ് അബ്ദുല്ല റോഡ് (റെഡ് ലൈന്‍), അഞ്ചാം ട്രാക്ക് ആയ കിംഗ് അബ്ദുല്‍ അസീസ് റോഡ് (ഗ്രീന്‍ ലൈന്‍) എന്നീ റൂട്ടുകളില്‍ 2024 ഡിസംബര്‍ 15 മുതലും സര്‍വീസ് ആരംഭിച്ചിരുന്നു.
മൂന്നാം ട്രാക്ക് ആയ ഓറഞ്ച് ലൈനിലാണ് (മദീന റോഡ്) അവസാനമായി സര്‍വീസ് ആരംഭിച്ചത്. ഓറഞ്ച് ലൈനില്‍ 2025 ജനുവരി അഞ്ചു മുതലാണ് സര്‍വീസുകള്‍ തുടങ്ങിയത്.
ഈ ആറു ട്രാക്കുകളുടെ ആകെ നീളം 176 കിലോമീറ്ററാണ്. ആകെയുള്ള 85 സ്റ്റേഷനുകളിൽ നാലെണ്ണം പ്രധാന സ്റ്റേഷനുകളാണ്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലാണ് മെട്രോ ട്രെയിന്‍ സഞ്ചരിക്കുന്നത്. പ്രതിദിനം 11.6 ലക്ഷത്തിലേറെ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയിലാണ് റിയാദ് മെട്രോ പൂര്‍ത്തികരിച്ചത്. റിയാദ് മെട്രോയില്‍ നാല്‍പതു ശതമാനം ട്രാക്കുകളും ഭൂമിക്കടിയിലൂടെ കടന്നുപോകുന്നു.
സൗദി അറേബ്യ പാരിസ്ഥിതിക പദ്ധതിയുടെ ഭാഗമായി 2060-ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുയെന്ന ലക്ഷ്യവുമായും മെട്രോ പദ്ധതി യോജിച്ചുപോകുന്നുണ്ട്. തലസ്ഥാന നഗരിയിലെ ഗതാഗത പ്രശ്നത്തെ തുടർന്ന് ആരംഭിച്ച മെട്രോ സംവിധാനം ഏറെ ഗുണം ചെയ്യുന്നുണ്ട് .
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ ശൃംഖലയാണ് റിയാദിലുള്ളത്. സീമെന്‍സ്, ബൊംബാര്‍ഡിയര്‍, അല്‍സ്റ്റോം എന്നിവ ഉപയോഗിച്ച് നിര്‍മിച്ച 183 ട്രെയിനുകളാണ് റിയാദ് മെട്രോ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നത്. പൂര്‍ണമായും ഒട്ടോമേറ്റഡ് ഓപ്പറേഷന്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന റിയാദ് മെട്രോ വേഗത്തിലുള്ള സാങ്കേതിക കുതിച്ചുചാട്ടത്തെയും പ്രതിനിധീകരിക്കുന്നു. മെട്രോ സംവിധാനത്തില്‍ 2,860 ബസ് സ്റ്റോപ്പുകളും 842 ബസുകളും അടങ്ങിയ 80 ബസ് റൂട്ടുകളും ഉള്‍പ്പെടുന്നുണ്ട്. റിയാദിലെ വികസന പദ്ധതികള്‍ സുഗമമാക്കുന്നതില്‍ മെട്രോ നെറ്റ് വര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കുന്നു.