റിയാദ്– കലാലയം സാംസ്‌കാരിക വേദി റിയാദ് സിറ്റി സോണ്‍ പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവില്‍ അസീസിയ സെക്ടര്‍ ചാമ്പ്യന്മാരായി. സര്‍ഗാത്മക പോരാട്ടങ്ങള്‍ക്കൊടുവില്‍ ഖാലിദിയ സെക്ടര്‍ റണ്ണേഴ്‌സ് അപ്പ് സ്ഥാനം കരസ്ഥമാക്കി.
പ്രവാസ ലോകത്തെ സര്‍ഗവസന്തത്തിന് വേദിയൊരുക്കി റിയാദ് സിറ്റി സോണിന് കീഴിലുള്ള ഒമ്പത് സെക്ടറുകളെ പ്രതിനിധീകരിച്ച് 33 യൂനിറ്റുകളിലെ 218 പ്രതിഭകളാണ് സാഹിത്യോത്സവില്‍ മാറ്റുരച്ചത്. കഥ, കവിത, പ്രസംഗം, ചിത്രരചന, ന്യൂസ് മേക്കിംഗ്, ലെറ്റര്‍ ടു ദി എഡിറ്റര്‍, കാലിഗ്രഫി തുടങ്ങി എഴുപത് ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ മികവ് തെളിയിച്ചാണ് അസീസിയ സെക്ടര്‍ കിരീടം സ്വന്തമാക്കിയത്.
വ്യക്തിഗത ഇനങ്ങളിലെ മികച്ച പ്രകടനത്തിന് അസീസിയ സെക്ടറിലെ മുഹമ്മദ് റാഫി കലാപ്രതിഭയായും ഖാലിദിയ സെക്ടറിലെ ഹനാ ബിന്‍സി സര്‍ഗ്ഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. സോണ്‍ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ പ്രതിഭകള്‍ ജനുവരി 9ന് ജുബൈലില്‍ നടക്കുന്ന നാഷനല്‍ പ്രവാസി സാഹിത്യോത്സവില്‍ റിയാദ് സിറ്റി സോണിനെ പ്രതിനിധീകരിക്കും.
സാഹിത്യോത്സവിനോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം പ്രശസ്ത ലൈഫ്‌സ്‌റ്റൈല്‍ ഇന്‍ഫ്‌ലുവന്‍സര്‍ വാഇല്‍ അല്‍ അനസി ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.സി റിയാദ് സിറ്റി ചെയര്‍മാന്‍ ഫൈസല്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു. അല്‍ ഷിഫ മെഡിക്കല്‍ സര്‍വീസ് എം.ഡി ഡോ. മുഹമ്മദ് ഇദ്‌രീസ് ചടങ്ങില്‍ മുഖ്യാതിഥിയായി. ആര്‍.എസ്.സി ഗ്ലോബല്‍ സെക്രട്ടറി അഫ്‌സല്‍ സഖാഫി സന്ദേശ പ്രഭാഷണം നടത്തി. ജോസഫ് അതിരുങ്കല്‍, റഫീഖ് പന്നിയങ്കര, ശിഹാബ് കൊട്ടുകാട്, ശാഫി മാസ്റ്റര്‍ തുവ്വൂര്‍ (കെ.എം.സി.സി), ഷിബു ഉസ്മാന്‍ (മീഡിയ ഫോറം), ഇബ്രാഹിം കരീം (ഐ.സി.എഫ്) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. റിയാദ് സിറ്റി കലാലയം സെക്രട്ടറി ഇബ്രാഹിം ബാദുഷ സ്വാഗതവും ജനറല്‍ സെക്രട്ടറി ശുക്കൂര്‍ പട്ടാമ്പി നന്ദിയും പറഞ്ഞു.
സമാപന സംഗമം സംഘാടക സമിതി ചെയര്‍മാന്‍ ഷൗക്കത്തലി സഅദി ഉളിയിലിന്റെ അധ്യക്ഷതയില്‍ സലിം പട്ടുവം ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.സി ഗ്ലോബല്‍ സെക്രട്ടറി അഫ്‌സല്‍ സഖാഫി വിജയികളെ പ്രഖ്യാപിച്ചു. മുജീബ് എറണാകുളം, ജാബിറലി പത്തനാപുരം എന്നിവര്‍ ട്രോഫി വിതരണം ചെയ്തു.



