ദുബായ്- യു.എ.ഇയിൽ ഇന്ന് രാത്രി മുതൽ വരാനിരിക്കുന്ന പ്രതികൂല കാലാവസ്ഥ നേരത്തെ ഉള്ളതിനേക്കാളും കഠിനമായിരിക്കുമെന്ന് യുഎഇയുടെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.
കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനങ്ങൾ അനുസരിച്ച്, പ്രതികൂല കാലാവസ്ഥ ബുധനാഴ്ച രാത്രിയോടെ പടിഞ്ഞാറ് നിന്ന് ആരംഭിക്കും. നാളെ (വ്യാഴാഴ്ച) രാജ്യത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വ്യാപിക്കുകയും പടിഞ്ഞാറ്, തീരപ്രദേശം, ചില കിഴക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കേന്ദ്രീകരിക്കുകയും ചെയ്യും. താപനില ഗണ്യമായി കുറയുകയും ചെയ്യും.
അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് മെയ് 2 വ്യാഴാഴ്ചയും മെയ് 3 വെള്ളിയാഴ്ചയും ദുബായിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും അവധി നൽകി. സ്കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക് മാറുമെന്ന് സർക്കാർ അറിയിച്ചു. രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ നിലനിൽക്കുന്നതിനാൽ, തങ്ങളുടെ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് യുഎഇയുടെ ദുരന്തനിവാരണ അതോറിറ്റി സ്വകാര്യ, സർക്കാർ മേഖലയിലെ ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അതാത് സ്ഥാപനങ്ങളുടെ മേധാവികൾക്ക് തീരുമാനമെടുക്കാം.
അതേസമയം, യു.എ.ഇയിൽ കഴിയുന്ന സൗദി പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇയിലെ സൗദി കോൺസുലേറ്റ് ആവശ്യപ്പെട്ടു.
താഴ്‌വരകളിലേക്കും വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളിലേക്കും അണക്കെട്ടുകളിലേക്കും നയിക്കുന്ന എല്ലാ റോഡുകളും അടക്കും. അടുത്ത കുറച്ച് ദിവസങ്ങളിൽ പർവത, മരുഭൂമി പ്രദേശങ്ങളിൽ നിന്നും കടലിൽ നിന്നും മാറി നിൽക്കാൻ ആവശ്യപ്പെട്ടു.