ദോഹ– ഐക്യ രാഷ്ട്ര സഭയുടെ കീഴിൽ ലോക സാമൂഹിക വികസന ഉച്ചകോടിയുടെ രണ്ടാം പതിപ്പ് ദോഹയിൽ. നവംബർ 4 മുതൽ 6 വരെയാണ് പരിപാടിയെന്ന് സംഘാടകർ അറിയിച്ചു. ഐക്യരാഷ്ട്രസഭ അംഗരാജ്യങ്ങൾ, യുഎൻ ഏജൻസികൾ, സിവിൽ സമൂഹം, സർവകലാശാലകൾ, സ്വകാര്യ മേഖല, യുവജനങ്ങൾ ഉൾപ്പെടെ 8,000ത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. സാമൂഹിക നീതി ശക്തിപ്പെടുത്തുകയും സുസ്ഥിര വികസനത്തിൽ മനുഷ്യരെ കേന്ദ്രീകരിച്ച സമീപനം ഉറപ്പാക്കാനും ലക്ഷ്യമിടുന്ന ഉച്ചകോടി അന്തർദേശീയ സഹകരണം വർധിപ്പിക്കുക, എല്ലാവർക്കും തുല്യ അവസരങ്ങൾ ലഭ്യമാക്കുന്ന ഉൾക്കൊള്ളുന്ന നയങ്ങൾ മുന്നോട്ട് കൊണ്ടുപോകുക എന്നിവയാണ് മുഖ്യ ലക്ഷ്യങ്ങളായി കാണുന്നത്. ദാരിദ്ര്യ നിർമാർജനവും തൊഴിൽ അവസരങ്ങൾ വർധിപ്പിക്കലും സാമൂഹിക ഉൾക്കൊള്ളലും പ്രധാന ചർച്ചാവിഷയങ്ങളാണ്.
കൂടാതെ ദോഹ ഉച്ചകോടി സാമൂഹിക വികസനത്തിനുള്ള രാഷ്ട്രീയ പ്രഖ്യാപനം നടത്തും. സാമൂഹിക വികസനത്തിനായി രാജ്യങ്ങൾ സ്വീകരിക്കേണ്ട നടപടികളും സഹകരണ സംവിധാനങ്ങളുമാണ് പ്രഖ്യാപനത്തിലുണ്ടാവുക.
ദോഹ ഉച്ചകോടി സാമൂഹിക വികസനത്തിനുള്ള ആഗോള പ്രതിബദ്ധത പുതുക്കുന്ന ഒരു വലിയ അവസരമായിരിക്കുമെന്ന് ഖത്തറിന്റെ യുഎൻ സ്ഥിരം പ്രതിനിധി ശൈഖ ആലിയ ബിൻ സൈഫ് അൽതാനി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ലോകത്ത് ദാരിദ്ര്യം കുറഞ്ഞെങ്കിലും ഇപ്പോഴും 800 മില്ല്യൺ ആളുകൾ അതി ദാരിദ്ര്യത്തിൽ കഴിയുന്നുവെന്നും ഈ വെല്ലുവിളികളെ നേരിടാൻ ദോഹയിൽ നേതാക്കൾ പ്രവർത്തനപദ്ധതികൾ ആവിഷ്കരിക്കുമെന്നും യുഎൻ ജനറൽ അസംബ്ലി പ്രസിഡന്റ് ആന്നലീന ബെയർബോക്കും വിശദീകരിച്ചു.



