ന്യൂയോര്‍ക്ക് – ദോഹയില്‍ നടന്ന ആക്രമണത്തെ അപലപിച്ച് യു.എന്‍ രക്ഷാ സമിതി. എന്നാല്‍ ഇസ്രായിലിന്റെ സഖ്യകക്ഷിയായ അമേരിക്ക ഉള്‍പ്പെടെ 15 അംഗരാജ്യങ്ങളും അംഗീകരിച്ച പ്രസ്താവനയില്‍ ഇസ്രായിലിനെ കുറിച്ച് പരാമര്‍ശിച്ചില്ല. ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് തയാറാക്കിയ പ്രസ്താവനയില്‍, രക്ഷാ സമിതി അംഗങ്ങള്‍ സംഘര്‍ഷം ലഘൂകരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി. കൂടാതെ, അവർ ഖത്തറിനോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ഖത്തറിന്റെ പരമാധികാരത്തിനും പ്രദേശിക സമഗ്രതക്കും പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു. ബന്ദികളെ മോചിപ്പിക്കുക , ഗാസയിലെ ദുരിതം അവസാനിപ്പിക്കുക എന്നതാണ് മുൻഗണന എന്നും രക്ഷാ സമിതി വ്യക്തമാക്കി.
ഇസ്രായേൽ- ഹമാസ് സംഘർഷത്തിന് ശേഷം അമേരിക്ക ആവർത്തിച്ച് വീറ്റോ അധികാരം ഉപയോഗിച്ചതിനാൽ ഒരു നടപടിയും സ്വീകരിക്കാന്‍ രക്ഷാ സമിതിക്ക് സാധിച്ചിട്ടില്ല. എന്നാൽ, ചൊവ്വാഴ്ച ഖത്തറിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായിൽ നടത്തിയ ആക്രമണത്തെ ‘വളരെ ആശങ്കാജനകമായ ഒന്ന്’ എന്നാണ് യുഎൻ അണ്ടർ സെക്രട്ടറി ജനറൽ റോസ്മേരി ഡികാർലോ വിശേഷിപ്പിച്ചത്. ഈ ആക്രമണം മേഖലയുടെ സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണെന്നും അവർ പറയുന്നു. ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കേണ്ടത് അടിയന്തിര ആവശ്യമായി മാറിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇസ്രായില്‍ ആക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ട് രക്ഷാ സമിതിയിലെ അള്‍ജീരിയയുടെ പ്രതിനിധി ആമിര്‍ ബിന്‍ ജാമഅും രംഗത്ത് വന്നു. ഇസ്രായില്‍ അതിരുവിട്ട് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗാസയും ഇസ്രായിലും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കുന്ന ഖത്തറിനെതിരെ ആക്രമണം നടത്തിയതിനും അദ്ദേഹം വിമർശിച്ചു. വെടി നിർത്തൽ കരാർ നടപ്പിലാക്കാൻ ഇസ്രായിൽ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായിലിനെ പിന്തിരിപ്പിക്കാന്‍ ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കാന്‍ അള്‍ജീരിയന്‍ പ്രതിനിധി രക്ഷാ സമിതിയോട് ആവശ്യപ്പെട്ടു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഖത്തര്‍ അമീറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍, ഇത്തരമൊരു സംഭവം ഇനി ഖത്തറില്‍ ആവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് രക്ഷാ സമിതിയിലെ യു.എസ് പ്രതിനിധി ഡൊറോത്തി ഷിയ പറഞ്ഞു.