ദോഹ: സമാധാനം ലക്ഷ്യമിട്ട് ഇറാനുമായി “വളരെ ഗൗരവമേറിയ ചർച്ചകൾ” നടക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി. ഖത്തറിലെ അമേരിക്കൻ സൈനിക കേന്ദ്രമായ അൽ-ഉദൈദ് വ്യോമതാവളത്തിൽ നടത്തിയ പ്രസ്താവനയിൽ, ദീർഘകാല സമാധാനത്തിനായി ഇറാനുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അൽജസീറ ചാനലാണ് ഇത് റിപ്പോർട്ട് ചെയ്തത്.
ദോഹയിൽ നടന്ന ഒരു ബ്രീഫിംഗിൽ, സിറിയയുടെ പുതിയ പ്രസിഡന്റിൽ തനിക്ക് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം “നല്ല വ്യക്തി”യാണെന്നും ട്രംപ് പറഞ്ഞു. സിറിയയ്ക്ക് മേലുള്ള ഉപരോധം പിൻവലിക്കാനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടിയ അദ്ദേഹം, “ഇനി ഉപരോധത്തിന് സാധ്യതയില്ല. പുതിയ പ്രസിഡന്റിന് ഒരു അവസരം നൽകും. ഉപരോധം നീക്കാൻ പല രാജ്യങ്ങളും ആഗ്രഹിച്ചിരുന്നു. എന്ത് സംഭവിക്കുമെന്ന് നോക്കാം,” എന്ന് കൂട്ടിച്ചേർത്തു. ഉപരോധം പിൻവലിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
ഇന്ന് രാവിലെ ദോഹയിൽ ബിസിനസ് പ്രമുഖർക്കൊപ്പം നടന്ന പ്രഭാതഭക്ഷണ പരിപാടിയിലും യുഎസ് പ്രസിഡന്റ് പങ്കെടുത്തു.