ദോഹ– ഖത്തറിലേയും കേരളത്തിലേയും സാമൂഹിക വിദ്യാഭ്യാസ രംഗത്തെ ശ്രദ്ധേയനായിരുന്ന വാണിജ്യപ്രമുഖന്‍ തൃശൂര്‍, വടക്കേക്കാട്, തൊഴിയൂര്‍ പെരുമ്പുള്ളിപ്പാട്ട് പയ്യൂരയില്‍ ഹൈദര്‍ഹാജിക്ക് (90) ദോഹയില്‍ അന്ത്യവിശ്രമം. ഖത്തരികളും വിദേശികളുമായ നിരവധി പേരുടെ പ്രാര്‍ത്ഥനയുടെ അകമ്പടിയോടെ അബൂഹമൂറിലെ പൊതുശ്മശാനത്തില്‍ മൃതദേഹം ഖബറടക്കി.
അലക്കിത്തേച്ച ഖദറിട്ട് ഖത്തറില്‍ ആദ്യം കണ്ട കോണ്‍ഗ്രസ് നേതാവെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ പാറക്കല്‍ അബ്ദുല്ല ഫെയ്‌സ്ബുക്കില്‍ എഴുതിയ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. ”1985 മുതല്‍ ഹൈദര്‍ക്കയുമായി നേരിട്ടടപെടാന്‍ അവസരം ലഭിച്ചൊരാള്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും നേരില്‍കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഖത്തറിലെത്തി നാലഞ്ചു മാസങ്ങള്‍ക്കകം തന്നെ അദ്ദേഹവുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചു. ആദ്യമായി കാണുമ്പോള്‍ തന്നെ കൗതുകം ജനിപ്പിച്ച കാഴ്ചയായിരുന്നു. പ്രവാസികള്‍ക്കിടയില്‍ പതിവില്ലാത്ത വസ്ത്രധാരണ രീതിയായിരുന്നു പ്രധാന കാരണം. നാട്ടില്‍ മാത്രം കാണാനിടയായിരുന്ന അലക്കിത്തേച്ച തൂവെള്ള ഖദറിട്ട് പുഞ്ചിരിയോടെ പെരുമാറുന്ന ഒരാള്‍. ഖത്തറിലെ സാമൂഹിക രംഗത്ത് ശ്രദ്ധേയനായിരുന്ന അന്തരിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെസി വര്‍ഗീസ് ആയിരുന്നു തൂവെള്ള ഖദറില്‍ പലപ്പോഴും പ്രത്യക്ഷപ്പെട്ട മറ്റൊരാള്‍. രാഷ്ട്രീയ രംഗത്ത് മാത്രമായിരുന്നില്ല സാമൂഹിക വിദ്യാഭ്യാസ സന്നദ്ധ രംഗത്ത് അന്നേ വ്യക്തിമുദ്ര പതിപ്പിച്ച ഒരാളായിരുന്നു ഹൈദര്‍ക്ക. വാണിജ്യ രംഗത്ത് അദ്ദേഹത്തിന് പ്രത്യേകമായ രീതി തന്നെയുണ്ടായിരുന്നു.” പാറക്കല്‍ വിശദീകരിച്ചു. ”ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലണ്ട് ഫോറത്തിന്റെ ആദ്യകാല പ്രവര്‍ത്തകനും പ്രസിഡന്റുമായി സാമൂഹിക രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ ഹൈദര്‍ക്ക ഫോറം ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണിയുടെ ജനറല്‍സെക്രട്ടറിയായി മാനവികമായ ഇടപെടലുകള്‍ക്കും സമയം കണ്ടെത്തി. പൊതുപ്രവര്‍ത്തന രംഗത്ത് ഞങ്ങള്‍ക്കെല്ലാം മാതൃകയായ ഒരാള്‍ കൂടിയായിരുന്നു ബിസിനസ്സുകാരനായ പിപി ഹൈദര്‍ഹാജി എന്ന ഹൈദര്‍ക്ക. നാട്ടിലാണെങ്കില്‍ സജീവ രാഷ്ട്രീയത്തില്‍ വലിയ കോണ്‍ഗ്രസ് നേതാവായി ഉയരങ്ങളിലെത്തേണ്ടുന്ന ഒരാളായിരുന്നു അദ്ദേഹമെന്നും പറയാനാവും.” അദ്ദേഹം വിശദീകരിച്ചു.
ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ അദ്ദേഹവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും ജ്യേഷ്ട സഹോദരനെപ്പോലെയായിരുന്നുവെന്നും മുസ്ലിം ലീഗ് ദേശീയ വൈസ്പ്രസിഡന്റും സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡെപ്യൂട്ടി ചെയര്‍മാനും മനേജിംഗ് ഡയരക്ടറുമായ കെ.സൈനുല്‍ ആബിദീന്‍ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. സത്യസന്ധതയും വിനയവും കരുത്താക്കി പ്രവര്‍ത്തിച്ച അദ്ദേഹം ഖത്തറിലെ പ്രവാസി സമൂഹത്തെ ഒരുമിപ്പിക്കുന്നതിലും നിര്‍ണ്ണായക പങ്കുവഹിച്ച സത്യസന്ധനായ സാമൂഹിക പ്രവര്‍ത്തകനും മികച്ചൊരു ബിസിനസ്സുകാരനുമായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
ഏതാണ്ട് നാലരപ്പതിറ്റാണ്ട് കാലം ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്ത് നിറഞ്ഞുനിന്ന സാന്നിധ്യമായിരുന്നു ഹൈദര്‍ഹാജിയെന്നും അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ ഒരു പ്രസ്ഥാനമായിരുന്നുവെന്നും ഒഐസിസി നേതാവും ഇന്‍കാസ് ഖത്തര്‍ മുന്‍പ്രസിഡന്റുമായ കെകെ ഉസ്മാന്‍ പറഞ്ഞു. ദീര്‍ഘകാലം പ്രസിഡന്റും സ്ഥാപക മെമ്പറുമായ ഹൈദര്‍ഹാജിയുടെ വിയോഗത്തില്‍ ചിറ്റലപ്പള്ളി ഐഇഎസ് എഡ്യുക്കേഷന്‍ സിറ്റി, ഖത്തര്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍, ദയാപുരം അല്‍ഇസ്ലാം ചാരിറ്റബിള്‍ ട്രസ്റ്റ് എന്നീ മാനേജ്‌മെന്റ് കമ്മിറ്റികളും അനുശോചനം അറിയിച്ചു. കുടുംബത്തോടൊപ്പം പ്രാര്‍ത്ഥനയോടെ ദു:ഖത്തില്‍ പങ്കുചേരുന്നതായി അവര്‍ അറിയിച്ചു.
സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.