ദോഹ– സംസ്‌കൃതി ഖത്തർ പന്ത്രണ്ടാമത് സി വി ശ്രീരാമൻ സാഹിത്യ പുരസ്കാരം ബഹ്‌റൈനിൽ നിന്നുള്ള പ്രവാസി എഴുത്തുകാരൻ ജലീലിയോ ഏറ്റുവാങ്ങി. ഐ സി സി അശോക ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്‌ത ചെറുകഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ എസ് ഹരീഷ് പുരസ്‌കാരം കൈമാറി. 50000 രൂപയും ശിൽപ്പവും അടങ്ങുന്നതായിരുന്നു അവാർഡ്.
ചടങ്ങിൽ സംസ്‌കൃതി ഖത്തർ വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരി അധ്യക്ഷത വഹിച്ചു. സി വി ശ്രീരാമൻ സാഹിത്യ പുരസ്കാരത്തിന്റെ നാൾവഴികൾ അവാർഡ് കമ്മിറ്റി കൺവീനർ ശ്രീനാഥ് ശങ്കരൻകുട്ടി വിശദീകരിച്ചു. തുടർന്ന് എസ് ഹരീഷ് മുഖ്യപ്രഭാഷണം നടത്തി. മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച രണ്ടോ മൂന്നോ കഥാകൃത്തുക്കളിൽ ഒരാളായി ഗണിക്കപ്പെടേണ്ട സി. വി. ശ്രീരാമന്റെ പേരിലുള്ള ഈ പുരസ്കാരം ലോകമെമ്പാടുമുള്ള പ്രവാസി എഴുത്തുകാർ ആഗ്രഹിക്കുന്ന അംഗീകാരമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ എം സുധീർ ആശംസകൾ അർപ്പിച്ചു. അവാർഡ് ജേതാവ് ജലീലിയോ മറുപടി പ്രഭാഷണം നടത്തി.
2014 മുതൽ 2024 വരെ സി വി ശ്രീരാമൻ സാഹിത്യപുരസ്കാരത്തിന് അർഹമായ കഥകളുടെ സമാഹാരം എസ് ഹരീഷ് ജലീലിയോക്ക് നൽകി പ്രകാശനം ചെയ്തു.
2026 ലേക്കുള്ള സംസ്കൃതി മെംബർഷിപ്പ് വിതരണോൽഘനം എസ്. ഹരീഷ് നിർവഹിച്ചു. കൊറിയയിൽ നടക്കുന്ന ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിലേക്ക് യോഗ്യത നേടിയ സംസ്‌കൃതി ഖത്തർ ഫിറ്റ്‌നസ് ഫ്രൈഡേ ട്രെയിനർ ജെയ്‌സൺ ജെക്ക് കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ എം സുധീർ സംസ്‌കൃതിയുടെ ആദരവ് അർപ്പിച്ചു.
സുപ്രസിദ്ധ കാഥികൻ കെടാമംഗലം സദാനന്ദന്റെ ശിഷ്യൻ സൂരജ് സത്യനും സംഘവും അവതരിപ്പിച്ച ‘ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും’ എന്ന കഥാപ്രസംഗവും കലാവിരുന്നും ആകർഷകമായി. സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം സ്വാഗതവും സെക്രട്ടറി ബിജു പി മംഗലം നന്ദിയും പറഞ്ഞു. വനിത വേദി സെക്രട്ടറി ജെസിത ചിന്ദുരാജ് ഉൾപ്പെടെ നേതാക്കൾ പങ്കെടുത്തു.



