ദോഹ– ഖത്തറിലെ ക്യു.എഫ്.എം റേഡിയോ ശൃംഖലയുടെയും റേഡിയോ മലയാളം 98.6 എഫ്.എമ്മിന്റെയും നവീകരിച്ച ഓഫീസുകളുടെയും സ്റ്റുഡിയോ സമുച്ചയത്തിൻ്റേയും ഉദ്ഘാടനം ദോഹയിൽ നടന്നു. ഇന്ത്യൻ അംബാസഡർ വിപുൽ, ശ്രീലങ്കൻ അംബാസഡർ സിത്താര ആസാർഡ്, ക്യു.എഫ്.എം റേഡിയോ ചെയർമാൻ ഗാനിം സാദ് എം. അൽ സാദ് അൽ കുവാരി, ക്യു.എഫ്.എം റേഡിയോ ശൃംഖലയുടെ വൈസ് ചെയർമാൻ സൗദ് സാദ് അൽ കുവാരി, വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.സി. അബ്ദുൽ ലത്തീഫ്, സാംസ്കാരിക മന്ത്രാലയത്തിലെ വകുപ്പ് മേധാവി ജാബിർ മുഹമ്മദ് അലിയാൻ, കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയിലെ ഇൻ്റർനെറ്റ് ഡൊമെയ്ൻ സെക്ഷൻ മേധാവി നൂറ ജാബർ അൽ മുറൈസിഖ് എന്നിവരുടെ സാന്നിധ്യത്തിലാണ് സ്റ്റുഡിയോയുടെയും ഓഫീസിന്റെയും ഉദ്ഘാടനം നിർവഹിച്ചത്.
പരിപാടിയിൽ കെ.സി. അബ്ദുൽ ലത്തീഫ് സ്വാഗതം ആശംസിച്ചു. തുടർന്ന്, ഇപ്സോസ് വീഡിയോ റിപ്പോർട്ട് ഗാനിം സാദ് അൽ കുവാരി പ്രകാശനം ചെയ്തു. അധ്യക്ഷ പ്രസംഗത്തിൽ, ഒരു ഭാഷയിൽ മാത്രം പ്രക്ഷേപണം ചെയ്തിരുന്ന സ്റ്റേഷൻ ഇന്ന് വിവിധ ഭാഷകളിൽ സേവനം നൽകുന്നതിലേക്ക് വളർന്നതിനെ അദ്ദേഹം പ്രശംസിച്ചു. ഇപ്സോസ് ഓഡിയൻസ് മെഷർമെൻ്റ് റിപ്പോർട്ടിൽ ക്യു.എഫ്.എം സ്ഥിരമായി ഒന്നാം സ്ഥാനത്ത് തുടരുന്നതിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിക്കുകയും, സർക്കാർ മന്ത്രാലയങ്ങൾ, എംബസികൾ, പങ്കാളികൾ, ജീവനക്കാർ, വിശ്വസ്തരായ ശ്രോതാക്കൾ എന്നിവരോടുള്ള നന്ദി അറിയിക്കുകയും ചെയ്തു.
ക്യു.എഫ്.എം 98.6 മലയാളത്തിന്റെ പുതിയ ലോഗോ ഇന്ത്യൻ അംബാസഡർ പ്രകാശനം ചെയ്തു. പ്രവാസികൾക്കും ഇന്ത്യൻ എംബസിക്കും ഇടയിലുള്ള നിർണ്ണായകമായ ഒരു ആശയവിനിമയ പാലമാണ് ക്യു.എഫ്.എം റേഡിയോ നെറ്റ്‌വർക്കെന്ന് അദ്ദേഹം വ്യക്തമാക്കി. പരിപാടിയിൽ ക്യു.എഫ്.എം റേഡിയോ ശൃംഖലയുടെ സി.ഇ.ഒ. അൻവർ ഹുസൈൻ നന്ദി പറഞ്ഞു.



