ദോഹ– ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറത്തിന്റെ (ഖിഫ്) സീസണ്‍ 16 സൂപ്പര്‍ കപ്പ് 2025 ലോഞ്ചിംഗ് ചടങ്ങ് ശ്രദ്ധേയമായി. ഖത്തരി പ്രമുഖരുടെയും ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളുടെയും സാന്നിധ്യത്തില്‍ ദോഹ ഷെറോട്ടന്‍ ഹോട്ടലില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ ഫിഫ ടെക്‌നിക്കല്‍ കമ്മിറ്റി മുന്‍ ചെയര്‍മാനും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ മുന്‍ പ്രസിഡന്റുമായ മുഹമ്മദ് ബിന്‍ ഹമ്മാം ഖിഫ് സീസണ്‍ 16 സൂപ്പര്‍ കപ്പ് 2025 ലോഞ്ചിംഗ് നിര്‍വഹിച്ചു.
ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ക്യുഎഫ്എ) ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മുഹമ്മദ് അല്‍ അന്‍സാരി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ സൂപ്പര്‍ കപ്പ് 2025 ട്രോഫി സദസ്സിനു മുന്നില്‍ അനാച്ഛാദനം ചെയ്തു. ഖിഫ് ടൂര്‍ണമെന്റിന്റെ സംഘാടകർക്ക് അഭിനന്ദനവും പിന്തുണയും നൽകി ക്യുഎഫ്എ സെക്രട്ടറിയും ഇന്ത്യന്‍ അംബാസിഡറും സംസാരിച്ചു.
ഖത്തര്‍ ധനകാര്യ മന്ത്രാലയത്തിന്റെ മുന്‍ ജോയിന്റ് സെക്രട്ടറി അഹമ്മദ് അലി ബൂകഷീഷ, ആഭ്യന്തര മന്ത്രാലയത്തിലെ സീനിയര്‍ ഓഫീസര്‍ ഹസ്സന്‍ അല്‍ ഖലീഫ, ക്യുഎഫ്എ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഖാലിദ് മുബാറക് അല്‍ കുവാരി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു . ഖിഫ് പ്രസിഡന്റ് ഷറഫ് പി. ഹമീദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഖിഫ് ജനറല്‍ സെക്രട്ടറി ആഷിഖ് അഹ്‌മദ് സംസാരിച്ചു. ചടങ്ങില്‍,ഖിഫ് സീസണ്‍ 16 ന്റെ മുഖ്യരക്ഷാധികാരിയായി പ്രഖ്യാപിച്ചത് ലുലു ഇന്റര്‍നാഷണലിന്റെ ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍താഫിനെയാണ്. ഖിഫ് മുന്‍ പ്രസിഡന്റ് പരേതനായ കെ മുഹമ്മദ് ഈസക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടും പ്രാര്‍ത്ഥിച്ചു കൊണ്ടുമാണ് ലോഞ്ചിങ് ചടങ്ങിന് തുടക്കം കുറിച്ചത്.
ചടങ്ങിന്റെ രണ്ടാം സെഷനില്‍ ടീമുകളുടെ മത്സര ഷെഡ്യൂള്‍ നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍ , കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലാ ടീമുകളും തെക്കന്‍ ജില്ലകളെ പ്രതിനിധീകരിക്കുന്ന ട്രാവന്‍കൂര്‍ എഫ് സി യുമാണ് ടൂര്‍ണമെന്റിലെ ടീമുകള്‍. ഖിഫ് വൈസ് പ്രസിഡന്റ് ഷമീന്‍ മുഹമ്മദ് ടീം നറുക്കെടുപ്പിന് നേതൃത്വം നല്‍കി.



