ദോഹ– നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പണം തട്ടുന്നവർക്കെതിരെ ജാഗ്രത നിർദേശവുമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. നികേഷേപം നടത്തുന്ന സ്ഥാപനങ്ങൾക്ക് അതിനുള്ള നിയമപരമായ അധികാരമുണ്ടോ എന്ന് പരിശോധിക്കേണമെന്നും മന്ത്രലയം നിക്ഷേപകരോട് അഭ്യർത്ഥിച്ചു . ലൈസൻസില്ലാതെ ഫണ്ട് സ്വരൂപിക്കുന്നതോ ഉപദേശം നൽകുന്നതോ നിയമപരമായ ലംഘനമാണെന്നും നിക്ഷേപകരെ അത് അപകടത്തിൽ ചാടിക്കുമെന്നും മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
ഖത്തറിലെ പൗരന്മാരോ താമസക്കാരോ നിയമപരമായ രേഖകളുടെയും വാണിജ്യ രജിസ്ട്രേഷന്റെയും സാധുത പരിശോധിക്കാതെ ഏതെങ്കിലും നിക്ഷേപ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനോ കരാറുകളിൽ ഒപ്പിടുന്നതിനോ നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനികൾക്കോ സ്ഥാപനങ്ങൾക്കോ ഫണ്ട് കൈമാറുന്നതിനോ അധികാരമല്ല . ലൈസൻസില്ലാത്ത ഏതൊരു സ്ഥാപനവും ഫണ്ട് സ്വരൂപിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനോ പൊതുജനങ്ങൾക്ക് നിക്ഷേപ സേവനങ്ങൾ നൽകുന്നതിനോ നിയമപരമായി നിരോധിച്ചിട്ടുണ്ടെന്നും അത്തരം സ്ഥാപനങ്ങളുമായി ഇടപഴകുന്ന നിക്ഷേപകർ നിയമപരമായ നടപടികൾക്ക് വിധേയമാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
നിക്ഷേപകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ നിക്ഷേപ അവസരങ്ങൾ ഉറപ്പാക്കുന്നതിനും നിക്ഷേപകൻ സ്ഥാപനവുമായി ഇടപെടുന്നതിന് മുമ്പ് സ്ഥാപനത്തെക്കുറിച്ച് മുൻകൂട്ടി പരിശോധിച്ചുറപ്പിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു.
വാണിജ്യ, വ്യാവസായിക പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കുക, വാണിജ്യ, നിക്ഷേപ സൗകര്യങ്ങൾ രജിസ്റ്റർ ചെയ്യുക, ദേശീയ വികസനത്തിന്റെ ആവശ്യകതകൾക്കനുസൃതമായി പ്രവർത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായ ലൈസൻസുകൾ നൽകുക എന്നിവ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണെന്നും അധികൃതർ വ്യക്തമാക്കി .