ദോഹ– രാജ്യത്ത് അടിയന്തര സാഹചര്യങ്ങളോ സ്ഫോടന ശബ്ദങ്ങളോ കേൾക്കുകയാണെങ്കിൽ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും കർശന നിർദ്ദേശം നൽകി ഖത്തർ ആഭ്യന്തര മന്ത്രാലയം. ദേശീയ അടിയന്തര മുന്നറിയിപ്പുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, വീഡിയോ സന്ദേശങ്ങൾ എന്നിവയിലൂടെയാണ് മന്ത്രാലയം പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയത്. അപ്രതീക്ഷിതമായ ശബ്ദങ്ങളോ മുന്നറിയിപ്പുകളോ ഉണ്ടായാൽ പരിഭ്രാന്തരാകാതെ വീടിനകത്തോ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലോ തുടരണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
അടിയന്തര ഘട്ടങ്ങളിൽ അഭയം തേടുന്നതിനായി കെട്ടിടങ്ങൾക്കുള്ളിലെ ബേസ്‌മെന്റുകൾ, ഉൾഭാഗത്തെ മുറികൾ, ജനാലകളില്ലാത്ത ഇടനാഴികൾ, പടിക്കെട്ടുകൾക്ക് താഴെയുള്ള സ്ഥലങ്ങൾ എന്നിവയാണ് ഏറ്റവും അനുയോജ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം സ്ഥലങ്ങൾ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും പുതിയ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.
കെട്ടിടങ്ങളുടെ പുറം ഭിത്തികൾക്ക് ചേർന്നുള്ള ഭാഗങ്ങൾ, ഗ്ലാസ് ജനാലകൾക്ക് സമീപം, മേൽക്കൂരകൾ, തുറന്ന സ്ഥലങ്ങൾ എന്നിവ സുരക്ഷിതമല്ല. ഇത്തരം ഇടങ്ങളിൽ നിൽക്കുന്നത് വലിയ അപകടസാധ്യതകൾക്ക് കാരണമാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സ്ഥിതിഗതികൾ ശാന്തമാകുന്നത് വരെ വീടിനുള്ളിൽ തന്നെ തുടരണമെന്നും ഔദ്യോഗിക അറിയിപ്പുകൾ ലഭിക്കാതെ പുറത്തിറങ്ങരുതെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.



