ദോഹ – ഖത്തർ പ്രാദേശിക ജലാതിർത്തിയിൽ ഹെലികോപ്റ്റർ തകർന്ന് കാണാതായ ഏഴാമത്തെയാളുടെ മൃതദേഹവും കണ്ടെത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മൂന്ന് ഖത്തരി സായുധ സേനാംഗങ്ങളും മൂന്ന് തുർക്കി പൗരന്മാരും അപകടത്തിൽ മരണപ്പെട്ടതായി ഖത്തർ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഏഴാമത്തെയാൾ ഏതു രാജ്യക്കാരനാണെന്ന് ഖത്തർ അറിയിച്ചിട്ടില്ല. സാങ്കേതിക തകരാർ കാരണം രാജ്യത്തിന്റെ പ്രാദേശിക ജലാതിർത്തിയിൽ ഖത്തർ ഹെലികോപ്റ്റർ തകർന്നുവീണതായും അതിലെ ജീവനക്കാർക്കും യാത്രക്കാർക്കും വേണ്ടിയുള്ള തിരച്ചിൽ നടന്നുവരികയാണെന്നും ഇന്ന് രാവിലെ പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തിരുന്നു.
പതിവ് ഡ്യൂട്ടിക്കിടെ സാങ്കേതിക തകരാർ കാരണം ഹെലികോപ്റ്റർ രാജ്യത്തിന്റെ പ്രാദേശിക ജലാതിർത്തിയിൽ തകർന്നുവീഴുകയായിരുന്നെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ദൗത്യത്തിന്റെ സ്വഭാവം ഖത്തർ അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഈ സംഭവവും മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷവും തമ്മിലുള്ള ബന്ധത്തിന് സൂചനയില്ല. ഫെബ്രുവരി 28 ന് ഒരു വശത്ത് ഇറാനും മറുവശത്ത് ഇസ്രായിലും അമേരിക്കയും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഇറാൻ ഖത്തറിലേക്ക് വിക്ഷേപിച്ചിട്ടുണ്ട്. ഇവയിൽ മിക്കതും ഖത്തർ വ്യോമ പ്രതിരോധ സേന തടഞ്ഞു. ഖത്തറിലെ റാസ് ലഫാൻ ദ്രവീകൃത പ്രകൃതിവാതക ഉൽപാദന കേന്ദ്രം ലക്ഷ്യമിട്ടും ഈ ആഴ്ച ഇറാൻ ആക്രമണം നടത്തി.



