ദോഹ – ഗാസ വെടിനിര്‍ത്തല്‍, ബന്ദി മോചന ഉടമ്പടിയെ കുറിച്ച ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്ന ഹമാസ് നേതാക്കള്‍ ഇപ്പോള്‍ ദോഹയിലില്ലെന്നും ഇവര്‍ വ്യത്യസ്ത രാജ്യങ്ങളില്‍ മാറിമാറി സഞ്ചരിക്കുകയാണെന്നും ഖത്തര്‍ വിദേശ മന്ത്രാലയ വക്താവ് മാജിദ് അല്‍അന്‍സാരി പറഞ്ഞു. ദോഹയിലെ ഹമാസ് പൊളിറ്റിക്കല്‍ ഓഫീസ് അന്തിമായി അടച്ചിട്ടില്ല. ഓഫീസ് അടക്കുന്ന പക്ഷം അതേ കുറിച്ച് ഖത്തര്‍ വിദേശ മന്ത്രാലയം അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇസ്രായിലിന്റെയും ഹമാസിന്റെയും ഗൗരവമില്ലായ്മയാണ് മധ്യസ്ഥശ്രമങ്ങള്‍ ഖത്തര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കാരണം. ഖത്തറിനെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ചൂഷണം ചെയ്യുന്നത് അംഗീകരിക്കില്ല. ഇരു വിഭാഗവും ഗൗരവമായി സമീപിക്കുന്ന പക്ഷം വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഖത്തര്‍ തയാറാണ്. ഖത്തറിന്റെ നിലപാട് സുദൃഢവും സുവ്യക്തവുമാണ്. വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും ഗാസയിലേക്ക് റിലീഫ് വസ്തുക്കള്‍ പ്രവേശിപ്പിക്കണമെന്നതുമാണ് ഖത്തറിന്റെ നിലപാട്.
ലെബനോനില്‍ വിമാന മാര്‍ഗം റിലീഫ് വസ്തുക്കള്‍ എത്തിക്കാനുള്ള പദ്ധതി ഖത്തര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആകെ 320 ടണ്‍ റിലീഫ് വസ്തുക്കളാണ് വിമാന മാര്‍ഗം ഖത്തര്‍ ലെബനോനില്‍ എത്തിച്ചതെന്നും മാജിദ് അല്‍അന്‍സാരി പറഞ്ഞു. ഹമാസിന്റെ പൊളിറ്റിക്കല്‍ ഓഫീസ് ഖത്തറില്‍ നിന്ന് തുര്‍ക്കിയിലേക്ക് മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ തുര്‍ക്കി നയതന്ത്ര വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു.
ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗങ്ങള്‍ ഇടക്കിടെ തുര്‍ക്കി സന്ദര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഹമാസ് പൊളിറ്റിക്കല്‍ ഓഫീസ് തുര്‍ക്കിയിലേക്ക് മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ യഥാര്‍ഥ്യത്തിന് നിരക്കുന്നതല്ലെന്ന് തുര്‍ക്കി നയതന്ത്ര വൃത്തങ്ങള്‍ പറഞ്ഞു. ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ഗൗരവവും യഥാര്‍ഥ ഇച്ഛാശക്തിയും പ്രകടിപ്പിക്കുന്നതു വരെ, ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാനും ബന്ദികളെ വിട്ടയക്കാനും ലക്ഷ്യമിട്ട് കരാറുണ്ടാക്കാനുള്ള മധ്യസ്ഥശ്രമങ്ങള്‍ മരവിപ്പിച്ചതായി കഴിഞ്ഞയാഴ്ച ഹമാസിനെയും ഇസ്രായിലിനെയും ഖത്തര്‍ അറിയിച്ചിരുന്നു.