ദോഹ- ഒക്ടോബറിൽ നടക്കുന്ന ഫിഫ വേൾഡ് കപ്പ് 2026 ഏഷ്യൻ പ്ലേ-ഓഫിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഇന്ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഖത്തർ റഷ്യക്കെതിരെ സൗഹൃദ മത്സരം കളിക്കും. ഇന്ത്യൻ സമയം രാത്രി
8:45നാണ് ( ഖത്തർ സമയം 6:15 PM) മത്സരം.
പ്ലേ-ഓഫിന് മുമ്പ് ഖത്തർ കളിക്കുന്ന രണ്ടാമത്തെയും അവസാനത്തെയും സൗഹൃദമാണിത്. കഴിഞ്ഞ ആഴ്ച നടന്ന മത്സരത്തിൽ ബഹ്റൈൻ ഖത്തറിനെ സമനിലയിൽ കുരുക്കിയിരുന്നു (2-2).
പരിശീലകൻ ജൂലിയൻ ലോപെറ്റഗിയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന അവസാന പരിശീലന സെഷനിൽ ടീമിലെ എല്ലാ താരങ്ങളും പങ്കെടുത്തിരുന്നു.
ലോക റാങ്കിംഗിൽ ഖത്തറിനേക്കാൾ മുന്നിലുള്ള റഷ്യയെ നേരിടുന്നത് ടീമിന് ഏറെ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. ഖത്തർ ലോക റാങ്കിങ്ങിൽ 53 ആം സ്ഥാനത്തും റഷ്യ 35 ആം സ്ഥാനത്തുമാണ്. കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി മോശം പ്രകടനം കാഴ്ചവെക്കുന്ന ഖത്തറിന് ഇന്നത്തെ മത്സരം വളരെ നിർണായകമാണ്.
റഷ്യ ശക്തമായ ഒരു ടീമാണെന്നും, എങ്കിലും ഞങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ഖത്തർ ഡിഫൻഡറായ അഹമ്മദ് സുഹൈൽ പത്രസമ്മേളനത്തിൽ പറഞ്ഞു. കളി കാണാൻ ആരാധകരും എത്തുമെന്നാണ് പ്രതീക്ഷയെന്നും, അത് ഞങ്ങളെ ഏറെ സഹായിക്കുമെന്നും താരം അഭിപ്രായപ്പെട്ടു.
ആരാധകരെ ആകർഷിക്കാൻ വേണ്ടി ഖത്തർ ഫുട്ബോൾ അസോസിയേഷൻ സൗജന്യപ്രവേശനം പ്രഖ്യാപിച്ചിട്ടുണ്ട്.
ലോകകപ്പ് യോഗ്യതയുടെ ഭാഗമായി അടുത്തമാസം എട്ടിന് ഒമാനെയും, 14ന് യുഎഇക്കും എതിരെയുമാണ് മത്സരങ്ങൾ. ഗ്രൂപ്പിൽ ഒന്നാമത് എത്തിയാൽ നേരിട്ട് ലോകകപ്പിലേക്ക് യോഗ്യത ഉറപ്പിക്കാം. സ്വന്തം നാട്ടിലാണ് മത്സരങ്ങൾ നടക്കുന്നത് എന്നത് ഖത്തറിന് ആത്മവിശ്വാസം നൽകും.
രണ്ടാം സ്ഥാനക്കാരായാൽ ഇന്തോനേഷ്യ, ഇറാഖ്, സൗദി അറേബ്യ എന്നിവരുടെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരുമായി നവംബറിൽ രണ്ടു പാദ മത്സരങ്ങൾ കളിച്ചു അവസാന റൗണ്ട് യോഗ്യത മത്സരത്തിലേക്ക് പ്രവേശിക്കും. അതാണ് വേൾഡ് കപ്പിലേക്കുള്ള അവസാന മാർഗ്ഗം.