ദോഹ– ലോകകപ്പ് യോഗ്യത നേടി ആഹ്ലാദിക്കുന്ന സമയത്തും ദുരിതം നേരിടുന്ന ഗാസ ജനങ്ങളെ മറക്കാതെ ഖത്തർ ക്യാപ്റ്റൻ ഹസ്സൻ അൽ ഹൈദോസ്. ഗാസയിൽ സ്കൂളും ജിംനേഷ്യവും നിർമ്മിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്തിരിക്കുകയാണ് ഹസ്സൻ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് താരം സഹായം ഉറപ്പ് നൽകിയിരിക്കുന്നത്.
‘സന്തോഷത്തിന്റെ നിമിഷങ്ങളിലും ദുരിതമനുഭവിക്കുന്ന ലോകമെമ്പാടുമുള്ള സഹോദരി സഹോദരന്മാരെ ഓർമ്മിക്കേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്. ഈ വിജയം സഹായം നൽകാനുള്ള ഒരു പ്രചോദനമാകട്ടെ ‘ എന്നാണ് താരം എക്സിലുടെ പങ്കുവെച്ചത്.
ഫലസ്തീൻ കഫീയ ധരിച്ചു കൊണ്ടുള്ള ചിത്രവും പോസ്റ്റിന്റെ കൂടെ ഹസ്സൻ പങ്കുവെച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിനും കായികത്തിനും പ്രാധാന്യം നൽകിയാണ് തന്റെ ഈ തീരുമാനമെന്നും താരം വ്യക്തമാക്കി. ലോകകപ്പ് യോഗ്യത സമയത്ത് തന്നെ ഗാസയിൽ വെടി നിർത്തൽ സാധ്യമായത് യാദൃശ്ചികമാണ്. ഗാസയിലെ ജനങ്ങളുടെ പൊതു ജീവിതത്തിലേക്കുള്ള ഒരു തുടക്കമാകട്ടെ ഇതൊന്നും ഖത്തർ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.
ഖത്തർ ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ഹസ്സൻ 2024ൽ വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും പരിശീലകൻ യുലെൻ ലോപ്റ്റെഗിയുടെ അഭ്യർത്ഥനപ്രകാരം ടീമിലേക്ക് തിരിച്ചു വരികയായിരുന്നു. ദേശീയ ടീമിന് വേണ്ടി 183 മത്സരങ്ങളിൽ നിന്ന് 43 ഗോളുകൾ താരം നേടിയിട്ടുണ്ട്



