ദോഹ– സമുദ്ര ഗതാഗതത്തിൽ പുതിയൊരു അധ്യയത്തിന് തുടക്കമിട്ട ഖത്തർ – ബഹ്‌റൈൻ സമുദ്രയാത്രക്ക് ഇന്ന് ഔപചാരിക തുടക്കം. ഖത്തറിലെ അൽ-റുവൈസ് തുറമുഖത്തെ ബഹ്‌റൈനിലെ സഅദ മറീനയുമായി ബന്ധിപ്പിക്കുന്ന ഏകദേശം 35 നോട്ടിക്കൽ മൈൽ (ഏകദേശം 65 കിലോമീറ്റർ) നീളമുള്ള പുതിയ സമുദ്ര യാത്രാ പാത ഇന്നാണ് ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ഖത്തർ ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ താനിയും ബഹ്‌റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫയും ചേർന്ന് നിർവഹിച്ചു. റോഡ് വഴി ഖത്തറിൽ നിന്നും ബഹ്റൈനിലേക്ക് നാല് മണിക്കൂറിൽ കൂടുതൽ സമയം എടുക്കുന്ന സ്ഥാനത്ത് കടൽ മാർഗം ഒരു മണിക്കൂർ മാത്രമാണ് എടുക്കുക.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹോദര ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുകയും ജിസിസി രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെയും സംയോജനത്തിന്റെയും ബന്ധം വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ പദ്ധതിയെന്ന് ഖത്തർ ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ താനി പറഞ്ഞു .
ഒരു യാത്രക്കാരന്റെ ഇക്കണോമി ക്ലാസ് യാത്രയ്ക്ക് 265 റിയാലായിരിക്കും. പുതിയ ഫെറി സർവീസ് ഉപയോഗിച്ച്, അൽ-റുവൈസ് തുറമുഖത്തിനും സാദ മറീനയ്ക്കും ഇടയിലുള്ള യാത്രയ്ക്ക് 70-80 മിനിറ്റ് എടുക്കും. എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ‘മസാർ’ ആപ്ലിക്കേഷൻ വഴി ബുക്കിംഗ് ലഭ്യമാണ്.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ജിസിസി പൗരന്മാർക്ക് മാത്രമാണ് യാത്ര ചെയ്യാൻ സാധിക്കുക .നവംബർ 7 മുതൽ 12 വരെയുള്ള കാലയളവിലാണ് ആദ്യ യാത്രകൾ. ഒരു ദിവസം രാവിലെയും വൈകുന്നേരവും രണ്ട് റൗണ്ട് ട്രിപ്പുകളാണ് ഉണ്ടാവുക. പിന്നീട് നവംബർ 13 മുതൽ 22 വരെ ഒരു ദിവസം മൂന്ന് റൗണ്ട് ട്രിപ്പുകളായി വർദ്ധിക്കും. യാത്രക്കാരുടെ വർധനവിനനുസരിച്ച് ദിവസേനയുള്ള യാത്രകളുടെ എണ്ണം ക്രമേണ വർദ്ധിപ്പിക്കും .
യാത്രക്കാർക്ക് സ്റ്റാൻഡേർഡ്, വിഐപി വെസ്സലുകൾ ലഭ്യമായിരിക്കും. ഒരു സ്റ്റാൻഡേർഡ്, വിഐപി വെസ്സലിലും യഥാക്രമം 28 ഉം 32 ഉം യാത്രക്കാരെ ഒരു യാത്രയിൽ വഹിക്കാൻ കഴിയും. എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ യാത്രകളും ഇരു രാജ്യങ്ങളുടെയും എല്ലാ സുരക്ഷാ, കസ്റ്റംസ് പ്രോട്ടോക്കോളുകൾക്കും വിധേയമായിട്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു .



