ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അൽത്താനി ഇന്ത്യ സന്ദർശിക്കുന്നു. ഫെബ്രുവരി 17, 18 ( ഞായർ, തിങ്കൾ) തീയതികളിൽ ഖത്തർ അമീർ ഇന്ത്യ സന്ദർശിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഖത്തർ അമീറിന്റെ രണ്ടാമത്തെ സന്ദർശനമാണിത്. 2015 മാർച്ചിൽ അദ്ദേഹം ഇന്ത്യ സന്ദർശിച്ചിരുന്നു. 17 ന് ഞായർ ഇന്ത്യയിൽ എത്തുന്ന അമീറിന് 18ന് രാഷ്ട്രപതി ഭവനിൽ ഔപചാരികമായ സ്വീകരണമൊരുക്കും. മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ഖത്തറിലെ വ്യാപാര വാണിജ്യ രംഗത്തെ പ്രമുഖർ ഉൾക്കൊള്ളുന്ന ഉന്നതതല സംഘം തുടങ്ങിയവർ ഇന്ത്യ സന്ദർശനത്തിൽ അമീറിനെ അനുഗമിക്കും.
സന്ദർശന വേളയിൽ ഇന്ത്യൻ പ്രസിഡണ്ട് ദ്രൗപതി മുർമു, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി എന്നിവരുമായും അമീർ കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്യും. 2024 ഫെബ്രുവരിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി ഖത്തർ സന്ദർശിച്ചിരുന്നു. ഫെബ്രുവരി 14, 15 തീയതികളിൽ ഖത്തർ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഊഷ്മളമായ വരവേൽപ്പാണ് ദോഹയിൽ ലഭിച്ചിരുന്നത്. സന്ദർശന വേളയിൽ അമീറിനെ ഇന്ത്യ സന്ദർശിക്കാൻ മോഡി ക്ഷണിക്കുകയും ചെയ്തിരുന്നു.
ഖത്തറും ഇന്ത്യയും തമ്മിൽ ഊഷ്മളമായ ബന്ധം നിലനിൽക്കുന്ന ഘട്ടത്തിലാണ് ഖത്തർ അമീർ ഇന്ത്യ സന്ദർശിക്കുന്നത്. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള വ്യാപാര വാണിജ്യ ബന്ധങ്ങളിൽ കഴിഞ്ഞ കുറെ വർഷങ്ങളായി പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുകയാണ്. വ്യാപാരം, നിക്ഷേപം, ഊർജ്ജം, സാങ്കേതികവിദ്യ, തുടങ്ങിയ മേഖലകളിൽ ഇത് രാജ്യങ്ങളും സഹകരിച്ചു കൊണ്ടാണ് മുന്നേറുന്നത്.
ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യൻ സമൂഹം ഖത്തറിന്റെ വളർച്ചയിലും വികസനത്തിലും വലിയ സംഭാവനകളാണ് അർപ്പിക്കുന്നത്.