ദോഹ : ഗാസ മുനമ്പിൽ ഇസ്രായിൽ. നടത്തുന്ന വംശഹത്യയെയും ഹമാസുമായി അടുത്തിടെ പ്രഖ്യാപിച്ച വെടിനിർത്തൽ കരാറിന്റെ തുടർച്ചയായ ലംഘനങ്ങളെയും വിമർശിച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി. ശൂറ കൗൺസിലിന്റെ 54-ാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള രണ്ടാം നിയമസഭാ കാലയളവിലെ ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഖത്തർ അമീർ.
കഴിഞ്ഞ രണ്ട് വർഷമായി ഗാസ മുനമ്പിൽ നടന്നത് ഒരു വംശഹത്യയാണ്. ഈ പദം എല്ലാ അതിക്രമങ്ങളെയും സംഗ്രഹിക്കുന്നതാണെന്നും സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഷെയ്ഖ് തമീം പറഞ്ഞു.
2023 ഒക്ടോബർ 7 ന് ഗാസയിൽ ഇസ്രായേൽ വംശഹത്യ ആരംഭിച്ചതുമുതൽ ഹമാസിനും ഇസ്രായേലിനുമിടയിൽ ഖത്തർ നിർണായക മധ്യസ്ഥത വഹിച്ചിട്ടുണ്ട്. ഷാറാം അ ൽ-ഷെയ്ഖിൽ നടന്ന ചർച്ചകളെത്തുടർന്ന് ഒക്ടോബർ 9 ന് ഈജിപ്ത്, അമേരിക്ക, തുർക്കിയ എന്നിവയ്‌ക്കൊപ്പം ഖത്തറും കൂടി ഒപ്പുവെച്ചാണ് വെടിനിർത്തൽ കരാർ ഉണ്ടാക്കിയത് . ഒക്ടോബർ 10 ന് കരാർ പ്രാബല്യത്തിൽ വന്നതിനുശേഷം ഇസ്രായേൽ കുറഞ്ഞത് 80 തവണ കരാർ ലംഘിക്കുകയും ഗാസയിൽ 100 ഓളം പലസ്തീനികളെ കൊല്ലുകയും ചെയ്തു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ, ഇസ്രായേൽ ഗാസയിൽ കുറഞ്ഞത് 68,216 പേരെ കൊലപ്പെടുത്തിയിട്ടുണ്ട്, പ്രാദേശിക രക്ഷാപ്രവർത്തകർ ഇപ്പോഴും ആയിരക്കണക്കിന് മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് കണ്ടെടുക്കുന്നു. തുടർച്ചയായ വെടിനിർത്തൽ ലംഘനങ്ങൾ, വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങളുടെ വ്യാപനം, അൽ-ഹറാം അൽ-ഷെരീഫിനെ ജൂതവൽക്കരിക്കാനുള്ള നിരന്തരമായ ശ്രമങ്ങൾ എന്നിവയെല്ലാം ഇസ്രായേൽ തുടരുന്നു .ഗാസ പലസ്തീൻ പ്രദേശങ്ങളുടെയും ഏകീകൃത പലസ്തീന്റെയും അവിഭാജ്യ ഘടകമാണെന്നും അമീർ ആവർത്തിച്ചു .
ഫലസ്തീൻ ജനതയുടെ ദുരന്തത്തിന്റെ കാര്യത്തിൽ അന്താരാഷ്ട്ര സമൂഹത്തിന് വേണ്ട രീതിയിൽ ഇടപെടാൻ കഴിയാത്തത് നിർഭാഗ്യകരമാണെന്നും ഷെയ്ഖ് തമീം പറഞ്ഞു. പലസ്തീൻ പ്രശ്നം ഭീകരതയുടെ പ്രശ്നമല്ല, മറിച്ച് ദീർഘകാല അധിനിവേശത്തിന്റെ പ്രശ്നമാണ്, അത് അവസാനിപ്പിക്കേണ്ട സമയമാണിതെന്നും എന്നും ഖത്തർ അമീർ ഊന്നിപ്പറഞ്ഞു.
സെപ്റ്റംബർ 9 ന് ഖത്തറിനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശൈഖ് തമീം ആവർത്തിച്ച് അപലപിച്ചു .യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദത്തെ തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പിന്നീട് ഖത്തർ ആക്രമണത്തിൽ ക്ഷമാപണം നടത്തി. മധ്യസ്ഥ പങ്ക് വഹിക്കുന്ന ഒരു രാജ്യത്തിനെതിരെ ആക്രമണം നടത്തിയും ചർച്ചാ പ്രതിനിധി സംഘത്തിലെ അംഗങ്ങളെ വധിക്കാൻ ശ്രമിച്ചതിലൂടെയും ഇസ്രായേൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ നിയന്ത്രിക്കുന്ന എല്ലാ അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചതായും അമീർ പറഞ്ഞു.



