മിസ്‌റാത– ലിബിയയിലെ മിസ്‌റാത ഫ്രീ സോണിലുള്ള പോർട്ട് ടെർമിനൽ വികസനത്തിനായി ഖത്തർ, ലിബിയ, ഇറ്റലി രാജ്യങ്ങൾ ഒന്നിക്കുന്നു. ഇത് സംബന്ധിച്ച തന്ത്രപ്രധാനമായ കരാറിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി, ലിബിയൻ പ്രധാനമന്ത്രി അബ്ദുൽ ഹമീദ് മുഹമ്മദ് ദബീബ, ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അന്റോണിയോ തജാനി എന്നിവരുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു. മിസ്‌റാത ഫ്രീ സോണും ഖത്തർ, ഇറ്റലി, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളിലെ പ്രമുഖ കമ്പനികളും തമ്മിലാണ് വികസന കരാർ. ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ഖത്തറും ലിബിയയും തമ്മിൽ എല്ലാ മേഖലകളിലും വളർന്നുവരുന്ന ശക്തമായ ബന്ധത്തിന്റെ പ്രതിഫലനമാണ് കരാറെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി പറഞ്ഞു. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന പുതിയ നിക്ഷേപ അവസരങ്ങൾ കണ്ടെത്താൻ ഖത്തർ എപ്പോഴും താൽപര്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലിബിയയിലെ ഏറ്റവും തിരക്കേറിയതും പ്രധാനപ്പെട്ടതുമായ മിസ്‌റാത ഫ്രീ സോൺ തുറമുഖത്തെ ആധുനികവൽക്കരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായാണ് പൊതു -സ്വകാര്യ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് ലൈനായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എം.എസ്.സി) പോർട്ട് ഓപ്പറേറ്ററായ ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ്, ദോഹ ആസ്ഥാനമായുള്ള മഹാ കാപിറ്റൽ പാർട്‌നേഴ്‌സ് (എം.സി.പി) എന്നിവരുമായി ചേർന്നാണ് മിസ്‌റാത ഫ്രീ സോൺ തുറമുഖത്തെ ആധുനികവൽക്കരിക്കുന്നത്.



