ദോഹ- ഖത്തറിലെ സാമൂഹ്യ സാംസ്കാരിക ഇടങ്ങളിലെല്ലാം നിറഞ്ഞ സാന്നിധ്യമായിരുന്നു ഈസക്കയെന്നും അദ്ദേഹത്തിന്റെ വേർപാട് കനത്ത നഷ്ടമാണെന്നും ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. ഇസ്‌ലാഹി സെന്റർ മുന്നോട്ട് വെച്ച ഓരോ പരിപാടികളും അദ്ദേഹം ഏറ്റെടുത്തുവെന്നും ഇസ്ലാഹി സെന്റർ അനുസ്മരിച്ചു.
ഖത്തർ മലയാളികളുടെ പൊതു സംഗമ വേദിയായ ഖത്തർ മലയാളി സമ്മേളനം എന്ന ആശയം ഇസ്‌ലാഹി സെന്റർ മുന്നോട്ടു വെച്ച നാൾ മുതൽ കഴിഞ്ഞ വർഷം നടന്ന എട്ടാം ഖത്തർ മലയാളി സമ്മേളനം വരെയും അതിന്റെ മുന്നിൽ നടക്കാൻ ഈസക്കയുണ്ടായിരുന്നു. മലയാളി സമ്മേളനങ്ങളുമായി ബന്ധപ്പെട്ട മീറ്റിംഗുകളിൽ ഈസക്കയുടെ സംഘാടന ശേഷിയും നേതൃഗുണവും എപ്പോഴും പ്രകടമായിരുന്നു. പലപ്പോഴും അദ്ദേഹത്തോടൊപ്പം ഓടിയെത്തുക എന്നത് ബാക്കിയുള്ളവർക്ക് ഏറെ ശ്രമകരമായിരുന്നു.
മലയാളി സമ്മേളനങ്ങളുടെ ഫിനാൻസ് കമ്മിറ്റി ചെയർമാൻ, സ്വാഗത സംഘം ചെയർമാൻ, മുഖ്യ രക്ഷാധികാരി തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം പ്രവർത്തിച്ചു. എല്ലാ സമ്മേളനങ്ങളിലും അദ്ദേഹത്തിന്റെ വകയായി വലിയൊരു സംഖ്യ സംഭാവന നൽകുകയും ചെയ്തു. മറ്റ് നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്കും അദ്ദേഹത്തിന്റെ താങ്ങുണ്ടായിരുന്നു. ഈസക്കയുടെ വിയോഗം ഖത്തറിലെ കലാ കായിക സാമൂഹ്യ സാംസ്ക്കാരിക മേഖലകളിൽ നികത്താനാകാത്ത വിടവാണെന്നും ഖത്തർ ഇന്ത്യൻ ഇസ്ലാഹീ സെന്റർ അഭിപ്രായപ്പെട്ടു.