ദോഹ: ഖത്തറിലെ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ ഖാലിദ് വടകര (66) ദോഹയിൽ നിര്യാതനായി. വടകര മുകച്ചേരി സ്വദേശിയായ ഖാലിദ്, കഴിഞ്ഞ 35 വർഷത്തിലേറെയായി ഖത്തറിലെ മാപ്പിളപ്പാട്ട് വേദികളിൽ നിറസാന്നിധ്യമായിരുന്നു. സൂഖ് വാഖിഫിലെ ഒരു കടയിൽ ജോലി ചെയ്തിരുന്ന അദ്ദേഹം, അസുഖബാധിതനായി ചികിത്സയിലിരിക്കെ ഹമദ് ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്.
മുകച്ചേരി ഉരുണിന്റവിട എടത്തിൽ ഉമ്മർകുട്ടിയുടെയും ഖദീജയുടെയും മകനാണ് ഖാലിദ്. ഭാര്യ: സീനത്ത്. മക്കൾ: ജസീല, ജസ്ന, ബായിസ്. മരുമക്കൾ: മുഹമ്മദ് ഷാഫി, പരേതനായ അനീസ്.
പ്രവാസി കലാകാരനായ ഖാലിദ്, ഇന്ത്യൻ കമ്മ്യൂണിറ്റി റിക്രിയേഷൻ സെന്റർ (ഐ.സി.ആർ.സി) വേദികളിലൂടെയാണ് ദോഹയിൽ ശ്രദ്ധേയനായത്. നിരവധി പ്രവാസി ഗാനരചയിതാക്കളുടെ വരികൾക്ക് അദ്ദേഹം സംഗീതം പകർന്നു. ഖത്തർ കെ.എം.സി.സി.യുടെ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.