ദോഹ– ഒന്നും നടക്കില്ല എന്ന് കരുതിയ കേരളം ഇന്ന് പശ്ചാത്തല വികസനത്തിൽ ഏറെ മുന്നേറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള വികസനം നിരാശയിൽ നിന്നും പ്രത്യാശയിലേക്കു നീങ്ങിയതായും നാഷണൽ ഹൈവേ പ്രവർത്തി തുടങ്ങാൻ പോലും സാധ്യമല്ലെന്ന് പലരും കരുതിയിരുന്ന സ്ഥാനത്ത് ഇന്ന് അതിന്റെ പണി ഏറെ പൂർത്തിയാക്കാൻ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഏകദിന സന്ദർശനത്തിനായി ഖത്തറിൽ എത്തിയ പിണറായി വിജയൻ ഖത്തറിലെ വാണിജ്യ , വ്യാപാര , സാമൂഹിക രംഗത്തെ പ്രമുഖരുമായി സംവദിക്കുകയായിരുന്നു. ഇത് കഴിഞ്ഞ വർഷത്തിനിടയിൽ വികസന രംഗത്തുണ്ടായ വലിയ മാറ്റമാണെന്നും പശ്ചാത്തല സൗകര്യത്തിൽ കേരളം പിന്നോക്കമാണെന്ന പരാതി ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഈ മാറ്റത്തിന് അടിസ്ഥാനമായത് കിഫ്‌ബി പദ്ധതിയാണെന്നും പണമില്ലെന്ന പ്രശ്‌നം കിഫ്‌ബി വന്നതോടെ മാറിയെന്നും ഇതുവരെ തൊണ്ണൂറായിരം കോടിയുടെ വികസന പ്രവർത്തങ്ങൾ കിഫ്‌ബി വഴി നടത്തി. ഇത് ബഡ്ജറ്റിന് പുറത്തുള്ള വികസന പ്രവർത്തങ്ങളാണ്. ക്ഷേമ പ്രവർത്തനങ്ങളുടെ കാര്യത്തിൽ കേരളം ഏറെ മുന്നേറിയതായും അതിദാരിദ്രർ ഇല്ലാത്ത സംസ്ഥാനം എന്ന പദവി കേരളം നേടിയതായും നവംബർ ഒന്നിന് അതിന്റെ പ്രഖ്യാപനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു . ക്ഷേമപ്രവർത്തങ്ങൾ ജനങ്ങളുടെ അവകാശമായാണ് സർക്കാർ കാണുന്നത് . അതുകൊണ്ടു തന്നെയാണ് ഇന്നലെ ഇത് സംബന്ധമായ വലിയ പ്രഖ്യാപനങ്ങൾ സർക്കാർ നടത്തിയത് . വികസിത രാജ്യങ്ങളിലെ ജീവിത നിലവാരത്തിലേക്ക് നമ്മുടെ കേരളം വളരുക എന്നതാണ് നവകേരളം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അതിന് പ്രവാസികൾ ഉൾപ്പെടെ ഉള്ളവരുടെ പിന്തുണ ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു . ചടങ്ങിൽ നോർക്ക റൂട്സ് ഡയറക്ടർ സി .വി റപ്പായി അധ്യക്ഷത വഹിച്ചു . കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ.എം സുധീർ സ്വാഗതം പറഞ്ഞു. കേരള ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറിഡോ. എ. ജയതിലക് നോർക്ക റൂട്സ് ഡയറക്ടർ ജെ.കെ മേനോൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.



