ദോഹ– എഴുതുമ്പോഴും പറയുമ്പോഴും സ്വയം സെൻസർ ചെയ്യാൻ ആളുകൾ നിർബന്ധിക്കപ്പെടുന്നതായി എഴുത്തുകാരനും സംസ്കരിക പ്രവർത്തകനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ്. 2015 കാലഘട്ടങ്ങളിൽ നിലപടിന്റെ പേരിൽ പുരസ്‌ക്കാരങ്ങൾ നിരസിച്ചവർ പോലും ഇന്ന് മൗനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അവർ പക്ഷം മാറിയത് കൊണ്ടല്ല ഇതെന്നും സ്വയം നിയന്ത്രിക്കാൻ നിർബന്ധിക്കപെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ദിവസങ്ങളിലായി ഖത്തർ ഇന്ത്യൻ ഓഥേഴ്‌സ് ഫോറം സംഘടിപ്പിക്കുന്ന ദോഹ ലിറ്ററേച്ചർ ഫെസ്റ്റിൽ പങ്കെടുക്കാൻ ദോഹയിൽ എത്തിയ കെ ഇ എൻ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കുഞ്ഞഹമ്മദ്. എഴുത്ത് ഒരു സംസ്കരിക വ്യവസായമായി മാറി. ഉപേക്ഷിക്കപെടുന്നവരുടെ ഉയർത്തെഴുന്നേൽപ്പ് സ്വപനം കാണാൻ സാധിക്കണം. എന്നാൽ ആ പക്ഷത്ത് ഉറച്ചു നില്ക്കാൻ സാധിക്കാത്ത രീതിയിൽ നമ്മുടെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലം മാറി. ലോകവ്യാപകമായി വലതുപക്ഷ ആശയം കരുത്താർജ്ജിക്കുന്നു. ജനായത്വം വലിയ ജാഗ്രത പുലർത്തേണ്ട കാലമാണ്. എന്നാൽ ഇന്ന് പലർക്കും ആ ജാഗ്രതയ്ക്ക് ആവശ്യമായ ആശയപരമായ കരുത്ത് കുറയുന്നതായും കെ.ഇ.എൻ വ്യക്തമാക്കി .
ഇന്ന് (വ്യാഴം) വൈകുന്നേരം 6 .30 മുതൽ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടക്കുന്ന ഖത്തർ ഇന്ത്യൻ ഓഥേഴ്‌സ് ഫോറം സംഘടിപ്പിക്കുന്ന ദോഹ ലിറ്ററേച്ചർ ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കവിയും എഴുത്തുകാരനുമായ കെ .ടി സൂപ്പി, നോവലിസ്റ്റും മലയാളം സർവകലാശാല അധ്യപകനുമായ ഡോ. അശോകൻ ഡിക്രൂസ് , എഴുത്തുകാരി ഷീല ടോമി എന്നിവർ വിവിധ ശില്പശാലകൾക്ക് നേതൃത്വം നൽകും. വെള്ളി വൈകുന്നേരം പൊതുസമ്മേളനവും സമീർ ബിൻസി – ഇമാം മജ്‌ബൂർ സംഘം അവതരിപ്പിക്കുന്ന സംഗീത സായാഹ്നവും നടക്കുമെന്നും സംഘാടകർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ അതിഥികൾക്ക് പുറമെ ഖത്തർ ഇന്ത്യൻ ഓഥേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. സാബു കെ.സി , ജനറൽ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ, ജനറൽ കൺവീനർ തൻസീം കുറ്റ്യാടി , വൈസ്പ്രസിഡന്റ് അഷ്‌റഫ് മടിയാരി , ട്രഷറർ അൻസാർ അരിമ്പ്ര, ഷംന ആസ്മി എന്നിവർ പങ്കെടുത്തു.



