ദോഹ: ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഹമാസിന്റെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമസേന വ്യോമാക്രമണം നടത്തി. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗാസ വെടിനിർത്തൽ നിർദ്ദേശം ചർച്ച ചെയ്യുന്നതിനിടെയാണ് ആക്രമണം നടന്നത്. ഹമാസ് നേതാവ് ഖലീൽ അൽ-ഹയ്യ കൊല്ലപ്പെട്ടതായി പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. കൃത്യമായ ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും സാധാരണക്കാരുടെ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ നടപടികൾ സ്വീകരിച്ചതായും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
ദോഹയിലെ കതാറ ജില്ലയിൽ ഒന്നിലധികം സ്ഫോടനങ്ങൾ കേട്ടതായും പുക ഉയരുന്നതായും ദൃക്സാക്ഷികൾ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി. ഹമാസിന്റെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ടുള്ള വധശ്രമമായിരുന്നു ഇതെന്ന് ഇസ്രയേലി സൈനിക വക്താവ് അവിചായ് അഡ്രഇ സ്ഥിരീകരിച്ചു. ഇസ്രയേൽ പ്രതിരോധ സേനയും ഷിൻ ബെറ്റ് സുരക്ഷാ ഏജൻസിയും ചേർന്ന് കൃത്യമായ ഇന്റലിജൻസ് അടിസ്ഥാനത്തിൽ ആക്രമണം നടത്തിയതായി അവർ പറഞ്ഞു.
ലക്ഷ്യമിട്ട ഹമാസ് നേതാക്കൾ വർഷങ്ങളായി സംഘടനയുടെ ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും 2023 ഒക്ടോബർ 7-ലെ കൂട്ടക്കൊലയ്ക്ക് നേരിട്ട് ഉത്തരവാദികളായവരാണെന്ന് ഇസ്രയേൽ സൈന്യം എക്സ് പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ വ്യക്തമാക്കി. “ഒക്ടോബർ 7-ലെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവർക്കെതിരെ ഞങ്ങൾ നിർണായക ആക്രമണങ്ങൾ തുടരും,” സൈനിക വക്താവ് അവിചായ് അഡ്രഇ പ്രസ്താവനയിൽ പറഞ്ഞു.
ഇറാൻ, ലെബനോൻ, സിറിയ, യെമൻ, ഗാസ എന്നിവിടങ്ങളിൽ നിരന്തരം ആക്രമണങ്ങൾ നടത്തിയിട്ടുള്ള ഇസ്രയേൽ ആദ്യമായാണ് ഖത്തർ മണ്ണിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തുന്നത്. ആക്രമണത്തിന്റെ നാശനഷ്ടം സംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ ലഭ്യമല്ല.