ദോഹ– വെസ്റ്റ് ബാങ്കിൽ പള്ളി ജൂത മത കൗണ്‍സിലിന് കൈമാറാനുള്ള ഇസ്രായിൽ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഖത്തർ രംഗത്ത്. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹീബ്രൂണ്‍ നഗരത്തിലെ ഇബ്രാഹിമി പള്ളിയുടെ നിയന്ത്രണം പിടിച്ചെടുക്കാനാണ് ഇസ്‌റായില്‍ പദ്ധതിയിട്ടിരിക്കുന്നത്. കിരിയാത് അര്‍ബ സെറ്റില്‍മെന്റിലെ ഫലസ്തീന്‍ അധികൃതരില്‍ നിന്നാണ് ജൂത മത കൗണ്‍സിലിന് നിയന്ത്രണം കൈമാറാനുള്ള നീക്കം നടക്കുന്നത്. ഇത് പള്ളിയുടെ ചരിത്രപരവും നിയമപരവുമായ പദവിയുടെ ഗുരുതര ലംഘനമാണെന്ന് ഖത്തർ വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങളുടെയും നിയമാനുസൃതമായ അന്താരാഷ്ട്ര പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇത്. മാത്രമല്ല ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇബ്രാഹിമി പള്ളിയുടെയും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ മുഴുവൻ പുണ്യസ്ഥലങ്ങളുടെയും ചരിത്രപരവും നിയമപരവുമായ പദവി മാറ്റാനുള്ള ശ്രമങ്ങളെ ഖത്തർ നിരാകരിക്കുന്നു. ഫലസ്തീൻ ജനതയുടെ സ്വത്വം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ക്രിമിനൽ പദ്ധതികൾ ഉപേക്ഷിക്കാൻ ഇസ്രായിൽ തയ്യാർ ആവണം. ഫലസ്തീനിലെ മതപരമായ പവിത്രത സംരക്ഷിക്കുന്നതിനുള്ള ധാർമ്മികവും നിയമപരവുമായ ഉത്തരവാദിത്തം ഉയർത്തിപ്പിടിക്കുന്നതിനും ഇസ്രായേൽ അധിനിവേശ ഭരണകൂടത്തോട് ലോക രാഷ്ട്രങ്ങൾ ആവശ്യപ്പെടണമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.