ദോഹ: ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഹിലാൽ, വക്റ, അബൂ ഹമൂർ മേഖല ദഅവ വിംഗിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. അന്ധവിശ്വാസങ്ങളിൽ നിന്നും സമാധാന ജീവിതത്തിൽ ഭയം വിതയ്ക്കുന്ന വികലമായ വിശ്വാസങ്ങളിൽ നിന്നും മുസ്‌ലിം കുടുംബങ്ങളെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്. ഏകദൈവ വിശ്വാസം മനുഷ്യന് പ്രദാനം ചെയ്യുന്നത് നിർഭയത്വവും സമാധാനവുമാണെന്ന് മുജീബ് റഹ്മാൻ മദനി പറഞ്ഞു. “നിർഭയത്വം നല്കുന്ന വിശ്വാസം” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളീയ മുസ്‌ലിം സമൂഹത്തെ അന്ധവിശ്വാസങ്ങളിൽനിന്നും മോചിപ്പിച്ചു സാമൂഹ്യ പുരോഗതി സാധ്യമാക്കിയത് ഇസ്‌ലാഹി പ്രസ്ഥാനമാണെന്ന് കെ.എൻ സുലൈമാൻ മദനി പറഞ്ഞു. ഇസ്‌ലാഹ് പുതിയ ആശയമോ ചിന്തയോ അല്ല. ഇസ്ലാമിനോളം പഴക്കമുള്ളതാണ്. പ്രവാചകൻമാരുടെ പ്രബോധന പ്രവർത്തനങ്ങളെ ഖുർആൻ വിശേഷിപ്പിച്ചത് ഇസ്‌ലാഹ് എന്നാണ്. പ്രവാചകന്റെ കാലശേഷം സഹാബികളും താബിഉകളും ഇമാമുമാരും പണ്ഡിതരും ഈ ദൗത്യം ഏറ്റെടുത്തതിന്റെ ഫലമാണ് നാം ഇന്നനുഭവിക്കുന്നത്. ഇസ്‌ലാഹിന്റെ നൈരന്തര്യം ലോകാവസാനം വരെ നില നിൽക്കേണ്ടതുണ്ട്. ഇസ്‌ലാം കാലാതിവർത്തിയായ ജീവിത ദർശനമാണ്. ജീവിക്കുന്ന നാടും ചുറ്റുപാടും സാഹചര്യവുമുൾകൊണ്ടു ഇസ്‌ലാമിനെ മനസ്സിലാക്കുക എന്നതും ഇസ്‌ലാഹിന്റെ ഭാഗമാണ്. പുരോഗതിയും വളർച്ചയും നവോത്ഥാനവും മുസ്‌ലിം സമുദായത്തിന് അന്യമാവരുത്. പൂർവ്വ കാലങ്ങളിൽ അവ സാധ്യമാക്കിയത് ഇസ്‌ലാമിന്റെയും ഇസ്‌ലാഹിന്റെയും പാരസ്പര്യം മനസ്സിലാക്കിയ ദീർഘ ദൃഷ്ടിയുള്ള നമ്മുടെ പണ്ഡിതരും നേതാക്കളുമാണ്. നവയാഥാസ്ഥിതിക വാദങ്ങൾക്കെതിരെ ചരിത്രപരമായ ദൗത്യമേറ്റെടുത്ത് പ്രവർത്തനം കുടുതൽ ശക്തമായി മുന്നോട്ട് കൊണ്ടു പോകാൻ ഇസ്‌ലാഹി സെന്റെർ പ്രവർത്തകർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. മൊയ്തീൻ ഷാ പരിപാടി നിയന്ത്രിച്ചു. ഷാഹുൽ നന്മണ്ട സ്വാഗതവും അബ്ദുറഹീം ഫാറുഖി നന്ദിയും പറഞ്ഞു.