ദോഹ: ദുഖാനിലെ സക്കരിത് ഗൾഫാർ ഓഫീസിൽ ജൂലൈ 18 വെള്ളിയാഴ്ച രാവിലെ 9 മുതൽ 11 വരെ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാമ്പ് നടക്കുമെന്ന് ഐ.സി.ബി.എഫ്. ഭാരവാഹികൾ അറിയിച്ചു. ഈ പ്രദേശത്ത് താമസിക്കുന്നവർക്കും ജോലി ദിവസങ്ങളിൽ ദോഹയിൽ എത്തി പാസ്‌പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി.) തുടങ്ങിയ എംബസി സേവനങ്ങൾ ലഭിക്കാൻ കഴിയാത്തവർക്കും വേണ്ടിയാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
പങ്കെടുക്കുന്നവർ പാസ്‌പോർട്ട്, ഖത്തർ ഐ.ഡി., പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ (2 ഇഞ്ച് x 2 ഇഞ്ച്, 2 എണ്ണം) എന്നിവയുടെ ഒറിജിനലും പകർപ്പുകളും കൊണ്ടുവരണം. ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കാൻ രാവിലെ 8 മുതൽ സൗകര്യമുണ്ടായിരിക്കും. ഐ.സി.ബി.എഫ്. ഇൻഷുറൻസിൽ ചേരാനുള്ള അവസരവും ക്യാമ്പിൽ ലഭ്യമാണ്. പണമിടപാടുകൾക്ക് ക്യാഷ് പേയ്‌മെന്റ് മാത്രമേ സ്വീകരിക്കൂ; കാർഡ് പേയ്‌മെന്റ് ലഭ്യമല്ല.
പുതുക്കിയ പാസ്‌പോർട്ടുകൾ ആഗസ്റ്റ് 8 വെള്ളിയാഴ്ച രാവിലെ 9 മുതൽ 10 വരെ ഇതേ സ്ഥലത്ത് വിതരണം ചെയ്യും. കോൺസുലർ ക്യാമ്പിൽ തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ ഉന്നയിക്കാനും അവസരമുണ്ടായിരിക്കുമെന്ന് ഐ.സി.ബി.എഫ്. ഭാരവാഹികൾ അറിയിച്ചു.