ദോഹ – ഫിബ ബാസ്കറ്റ്ബോൾ ലോകകപ്പ് 2027 കൗണ്ട്ഡൗൺ ആരംഭിച്ചു. 2027 ആഗസ്റ്റ് 27 ന് ഫിബ ബാസ്കറ്റ്ബോളിന് തുടക്കം കുറിക്കും. 2027 സെപ്റ്റംബർ 12 ന് ലുസൈൽ മൾട്ടിപർപ്പസ് ഹാളിൽ നടക്കുന്ന ഫൈനലോടെ ആഗോള ബാസ്കറ്റ്ബോൾ മത്സരം സമാപിക്കും.
92 മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന നാല് ഔദ്യോഗിക വേദികൾ പ്രാദേശിക സംഘാടക സമിതി പ്രഖ്യാപിച്ചു. ലുസൈൽ മൾട്ടിപർപ്പസ് ഹാൾ, ദുഹൈൽ സ്‌പോർട്‌സ് ഹാൾ, അലി ബിൻ ഹമദ് അൽ അത്തിയ അരീന, അൽ ജനൂബ് സ്റ്റേഡിയം എന്നിവടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.
ബാസ്കറ്റ്ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഫുട്ബോൾ സ്റ്റേഡിയത്തിനുള്ളിൽ മത്സരങ്ങൾ അരങ്ങേറും. ഫിഫ ലോകകപ്പ് ഖത്തർ 2022 വേദികളിലൊന്നായ അൽജനൂബിനെ 8,000 ത്തിലധികം സീറ്റുകളുള്ള ഒരു ബാസ്കറ്റ്ബോൾ അരീനയാക്കി മാറ്റുമെന്നും ഡയറക്ടർ ജനറലും ഖത്തർ ബാസ്കറ്റ്ബോൾ ഫെഡറേഷൻ പ്രസിഡന്റും ഫിബ ഫൗണ്ടേഷൻ അംഗവുമായ മുഹമ്മദ് സ ആദ് അൽ മെഗൈസീബ് പറഞ്ഞു. ഫിബയും എൽഒസിയും ചേർന്ന് ആരംഭിച്ച രജിസ്ട്രേഷൻ പോർട്ടൽ വഴി ടൂർണമെന്റ് വിവരങ്ങളും ടിക്കറ്റിംഗ് ബുക്കിങ് സംബന്ധിച്ചും അറിയാൻ സാധിക്കും.