ദോഹ– പ്രവാസി മലയാളികൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള പ്രവാസി കേന്ദ്രങ്ങളിൽ അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയിലുള്ള സേവന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമർപ്പിച്ചു. ദോഹയിൽ നടന്ന ചടങ്ങിലാണ് ഐ.സി.എഫ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.
കേരളത്തിൽ വിവിധ സർക്കാർ സേവനങ്ങൾ ഒരിടത്ത് നിന്ന് എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ അക്ഷയ കേന്ദ്രങ്ങൾ കൈവരിച്ച വിജയം മാതൃകാപരമാണ്. സമാനമായ കേന്ദ്രങ്ങൾ വിദേശത്തും സ്ഥാപിക്കുന്നത് പ്രവാസി മലയാളികൾക്ക് വലിയ ആശ്വാസമാകും. അവശ്യ സർക്കാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാകുന്നതിന് ഇത് വഴിയൊരുക്കുമെന്ന് നിവേദനത്തിൽ വ്യക്തമാക്കി.
യു എ ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ പ്രധാന അന്താരാഷ്ട്ര പ്രവാസി ഹബ്ബുകളിൽ നോർക്ക, അക്ഷയ മിഷൻ, ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ എന്നിവയുമായി സഹകരിച്ച് ഇത് നടപ്പാക്കാനാവുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ഐ സി എഫ് ഇന്റർനാഷണൽ സെക്രട്ടറി സിറാജ് ചൊവ്വ, ഖത്തർ നാഷണൽ ഭാരവാഹികളായ അസീസ് സഖാഫി പാലോളി, അബ്ദുസലാം ഹാജി പാപ്പിനിശ്ശേരി, നൗഷാദ് അതിരുമട എന്നിവർ സംബന്ധിച്ചു.



