ദോഹ– ഇന്ത്യൻ സമൂഹത്തിലെ പ്രമുഖ കായിക സംഘടനയായ ഖിഫ് സംഘടിപ്പിക്കുന്ന പ്രഥമ കെ മുഹമ്മദ് ഈസ (ഈസക്ക) മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 2026 ജനുവരിയിൽ. ഖിഫിന്റെ മുൻ പ്രസിഡൻറും അമരക്കാരനുമായിരുന്ന ഈസക്കയുടെ സ്മരണാർത്ഥം ഖിഫ് സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഖിഫ് ഫുട്ബോൾ ടൂർണമെൻ്റിന്റെ16 ആം സീസണിന്റെ തുടർച്ചയായി ആണ് നടക്കുക. ഒക്ടോബർ രണ്ടാം വാരത്തിലാണ് സീസൺ 16 മത്സരങ്ങൾ ആരംഭിക്കുകയെന്ന് സംഘാടകർ വ്യക്തമാക്കി.
ഖത്തറിലെ കലാകായിക രംഗത്ത് സ്തുത്യർഹമായ സേവനങ്ങളർപ്പിച്ച് മണ്മറഞ്ഞു പോയ, പ്രവാസികൾക്ക് ഏറെ പ്രിയങ്കരനായിരുന്ന ഈസക്കയുടെ പേരിലുള്ള ടൂർണമെന്റിന് വൻ സ്വീകാര്യത തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഖിഫ് ഭാരവാഹികൾ പറഞ്ഞു.ഖത്തറിലുള്ള മലയാളികളായ ഫുട്ബോൾ കളിക്കാർക്ക് ടൂർണമെന്റിൽ കളിക്കാനുള്ള അവസരം പരമാവധി ലഭ്യമാക്കുന്ന രീതിയിലായിരിക്കും സെവൻസ്.
ഖത്തറിൽ നിന്നുള്ള വിവിധ ഫ്രാഞ്ചൈസികളായിരിക്കും ടീമുകളെ സ്പോൺസർ ചെയ്യുക.
ക്വിഫ് പ്ലാറ്റ്ഫോമിൽ പ്ലെയേഴ്സ് പൂളിലൂടെ രജിസ്റ്റർ ചെയ്യുന്ന കളിക്കാരിൽ നിന്നും സ്പോൺസർമാരാകുന്ന ഫ്രാഞ്ചൈസികൾ തന്നെയാണ് തങ്ങൾക്ക് വേണ്ട കളിക്കാരെ ലേലത്തിലൂടെ പോയിന്റ് അടിസ്ഥാനത്തിൽ ഏറ്റെടുക്കുക. ടീം സെലക്ഷൻ കഴിഞ്ഞ് 2 മാസത്തെ പരിശീലനത്തിന് ശേഷമാണ് ടീമുകൾ സെവൻസ് ടൂർണമെന്റിൽ മത്സരിക്കുക.
ആകർഷകമായ പ്രൈസ് മണി നൽകുന്ന ഈ ടൂർണമെൻ്റിൽ ‘ഖിഫ് ഈസക്ക മെമ്മോറിയാൽ റോളിംഗ് ട്രോഫി’ ആയിരിക്കും ജേതാക്കൾക്ക് ലഭിക്കുക.
സീസൺ 16 ൽ പങ്കെടുക്കുന്ന ടീമുകളുടെ രെജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ടീം റെജിസ്ട്രേഷന് ഖിഫ് വൈസ് പ്രസിഡന്റും ടീം കോർഡിനേറ്ററുമായ മുഹമ്മദ് ഷമീനുമായി 55252219 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
അതിനിടെ സംഘാടക സമിതിയിലേക്ക് പുതിയ പന്ത്രണ്ടു പേരെ കൂടി ഉൾപ്പെടുത്തി കമ്മിറ്റി വികസിപ്പിച്ചു.
ദോഹയിലെ മലയാളികൾക്കിടയിൽ സുപരിചിതരും പൊതു പ്രവർത്തന രംഗത്ത് നിറഞ്ഞു നിൽക്കുന്നവരുമായ മുഹമ്മദ് ഷാനവാസ്, സാബിത് സഹീർ, ഫാസിൽ അബ്ദുൾ ഹമീദ്, അനസ് മൊയ്തീൻ, അജ്മൽ അബ്ദുൽറഹ്മാൻ, ഷാനിബ് ഷംസുദ്ദീൻ, ആസാദ് അബ്ദുർറഹ്മാൻ, അബ്ബാസ് അൻവർ ഹുസൈൻ, അമീർ പെരുവള്ളി അബ്ദുൾ റഹീം, ഷിയാസ് കൊട്ടാരം എന്നിവരാണ് പുതുതായി ഖിഫ് എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്തപ്പെട്ടവർ.
പുതുതായി ചേർക്കപ്പെട്ട അംഗങ്ങളുടെ കൂടി പങ്കാളിത്തത്തോടെ ചേർന്ന വിപുലമായ എക്സിക്യൂട്ടീവ് മീറ്റിംഗിലാണ് ഖിഫ് സീസൺ 16 ന്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചത്.
യോഗത്തിൽ പ്രസിഡണ്ട് ഷറഫ് പി ഹമീദ് അധ്യക്ഷത വഹിച്ചു. സീസൺ 16 ൻ്റെ സംഘാടനത്തിൻ്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് മുഹമ്മദ് ഇഖ്ബാൽ, മുഹമ്മദ് ഷമീൻ എന്നിവർ വിശദീകരിച്ചു. ജനറൽ സെക്രട്ടറി ആഷിഖ് അഹ്മദ് സ്വാഗതവും ട്രഷറർ ഹനീഫ് നന്ദിയും പറഞ്ഞു.